ഐസിയു പീഡനക്കേസ്: 'ആരോഗ്യ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ല'; വീണ്ടും സമരാഹ്വാനവുമായി അതിജീവിത

By Web TeamFirst Published Apr 15, 2024, 1:12 PM IST
Highlights

തന്‍റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രീതിക്കെതിരെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടണം എന്നാണ് അതിജീവിതയുടെ ആവശ്യം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നത്. ഒപ്പം നിന്ന നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്കായി അതിജീവിത ഒരാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്. ഐസിയു പീഡന കേസിലും രാഷ്ട്രീയ അട്ടിമറി ആരോപിച്ചാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരാഹ്വാനം.

തന്‍റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രീതിക്കെതിരെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടണം എന്നാണ് അതിജീവിതയുടെ ആവശ്യം. രണ്ട് ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം. പൊതുജനത്തിന് മുന്നിൽ സർക്കാർ തന്നെ കാഴ്ച വസ്തുവാക്കിയെന്നും അതിജീവിത പറയുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറെ കണ്ട ശേഷമായിരുന്നു പ്രതികരണം.

താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഡോക്ടർ പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. ഇത് അന്വേഷിച്ച മെഡിക്കൽ കോളേജ് എസിപി സുദർശന്റെ കണ്ടെത്തൽ ഗൈനക്കോളജിസ്റ്റിന്റേത് അവരുടെ നിഗമനങ്ങളെന്നും അതിൽ വീഴ്ചയില്ലെന്നുമാണ്. ഈ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിലാണ് അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.

വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകാൻ കമ്മീഷണർ നിർദ്ദേശിച്ചു. നേരത്തെ നൽകിയ അപ്പീലിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേസ് മുന്നോട്ടു പോകാത്തത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്നും അതിജീവിത ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ല. അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ലെങ്കിൽ രണ്ടു ദിവസത്തിനകം സമരം നടത്തും. കമ്മീഷണർ ഓഫീസ് പരിസരത്ത് പ്രതിഷേധിക്കും. പൊലീസിനെതിരെ നിയമപരമായി നീങ്ങുമെന്നും അതിജീവിത വ്യക്തമാക്കി. 

കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!