
ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രികയുടെ രൂപത്തിലുള്ള ഉപകരണം മറന്നു വെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതർ പരാതി നല്‍കി. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ പകര്‍ത്തിയ സംഭവത്തിലാണ് നടപടി.
കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ മറന്നു വെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. ഈ വാദം പൊളിക്കുന്ന വീഡിയോ പിന്നീട് പുറത്തു വന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി.
ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടര്മാര് സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിനിടയിലാണ് യുവതിയുടെ ഭര്‍ത്താവായ അഷ്റഫിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. ഇന്ന് വൈകിട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതായി അഷ്റഫ് പറഞ്ഞു.അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
സൂപ്രണ്ടാണ് പരാതി പോലീസിന് കൈമാറിയത്. അനുവാദമില്ലാതെ വനിതാ ഡോക്ടര്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാല്‍ പരാതി നല്‍കുകയായിരുന്നവെന്ന വിശദീകരണമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്. യുവതി നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം തുടരുകയാണ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. എന്ത് സംഭവിച്ചാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടേയും കുടുംബത്തിന്‍റേയും തീരുമാനം.
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക രൂപത്തിലുള്ള ഉപകരണം വയറിൽ കുടുങ്ങി അഞ്ച് വർഷം വേദന തിന്ന സ്ത്രീയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വീണ്ടും നീതി നിഷേധിച്ചിരുന്നു. വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നാണ് യുവതിക്ക് ലഭിച്ച നിർദേശം. ശാരീരിക അവശതകൾ ഉണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് എത്തണമെന്ന് അധികൃതർ അറിയിച്ചതായി, അടിവാരം സ്വദേശി ഹർഷിന പറയുന്നു. മെഡിക്കൽ കോളേജിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam