
കോഴിക്കോട്: മെഡിക്കൽ കോളേജിലെ പീഡനവുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സമൂഹ മാധ്യമങ്ങളിലും അവഹേളിക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച പ്രതി ശശീന്ദ്രനെ തിരിച്ചറിഞ്ഞ നഴ്സിങ്ങ് ഓഫീസറാണ് ഭീഷണിയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവഹേളനവും നേരിടുന്നത്. സ്ഥലം മാറ്റുമെന്നും സസ്‌പെൻഡ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുമെന്നും ഭരണാനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. പരാതി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറി. ആരോപണം എൻജിഒ യൂണിയൻ നിഷേധിച്ചു. മൊഴി മാറ്റാൻ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളെ പോലീസിന് പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ അഞ്ചു പ്രതികളും സസ്‌പെൻഷനിലാണ്. കൂടുതൽ പേരുടെ മൊഴിയെടുക്കുന്നത് തുടരുന്നു. അതിനിടെ കുറ്റക്കാർക്ക് കർശന നടപടി അവശ്യപ്പെട്ട് മഹിളാ മോർച്ച ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരപരാധികളായ ജീവനക്കാരെ സസ്പെന്റ് ചെയ്തിരിക്കുകയാണെന്നും ഇവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്മയെന്ന പേരിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിൽ 20ാം വാർഡിന്റെ ചുമതലയുള്ള ഹെഡ് നഴ്സിനെ സസ്പെന്റ് ചെയ്യണമെന്നും ഇവരാണ് കുറ്റക്കാരിയെന്നും ആരോപിക്കുന്നു. ഉന്നതെ സംരക്ഷിക്കുന്ന അധികൃത നിലപാട് തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ കേരള ഗവ നഴ്സസ് യൂണിയൻ രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ നിലകൊണ്ട സീനിയർ നഴ്സിംഗ് അസിസ്റ്റന്റിനെതിരായ യൂണിയൻ കോഴിക്കോട് ജില്ലാ നേതാവിന്റെ സസ്പെൻഷൻ ഭീഷണിയിൽ പ്രതിഷേധിക്കണമെന്നാണ് നഴ്സുമാരുടെ സംഘടന പുറത്തുവിട്ട പോസ്റ്ററിൽ പറയുന്നത്.
അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സസ്പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ ആരെയും പിടികൂടാനായിട്ടില്ല. ഇന്നലെ രാത്രിയും 5 പേരുടെയും വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടയിലാണ് എൻജിഒ യൂണിയൻ വിഷയത്തിൽ നഴ്സിനെതിരെ തിരിഞ്ഞിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam