കോഴിക്കോട് മെഡിക്കൽ കോളേജ് പീ‍ഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവം; 5 പേരുടെ സസ്പെൻഷൻ പിൻവലിച്ചു

By Web TeamFirst Published Jun 1, 2023, 7:44 PM IST
Highlights

അതുപോലെ തന്നെ സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരി​ഗണിക്കുമെന്നും ഉത്തരവിലുണ്ട്. 

കോഴിക്കോട്: കോഴിക്കോട് മെ‍ഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. അതിവിചിത്രമായ കാരണമാണ് സസ്പെൻഷൻ പിൻവലിക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതുപോലെ തന്നെ സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരി​ഗണിക്കുമെന്നും ഉത്തരവിലുണ്ട്. ഇന്നലത്തെ തീയതിയിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ജീവനക്കാർക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. മാർച്ച് 3 നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഗ്രേഡ് 1 അറ്റൻറർ ആസ്യ എൻ കെ, ഷൈനി ജോസ്, ഷലൂജ വി, ഗ്രേഡ് 2 ഷൈമ പി ഇ, നഴ്സിംഗ് അസിസ്റ്റൻറ് പ്രസീത മനോളി എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണവും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണവും  തുടരുന്നതിനിടെയാണ്, അറസ്റ്റിലായ ശശീന്ദ്രനെ  രക്ഷിക്കാന്‍ ഇയാളുടെ സഹപ്രവര്‍ത്തകര്‍ തന്നെയായ വനിത ജീവനക്കാര്‍ തന്നെ രംഗത്തിറങ്ങിയത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പരാതി പിൻവലിപ്പിക്കാൻ ശ്രമം  നടന്നെന്നായിരുന്നു അതിജീവിത മെഡി. കോളേജ് സൂപ്രണ്ടിന് നൽകിയ പരാതി. 

സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ആറ് പേർക്കെതിരെ നടപടിയെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ  വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം: അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

മെഡിക്കൽ കോളേജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു

കോഴിക്കോട്ട് പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച കേസ്; പ്രതികളെ പിടികൂടാനാവാതെ പൊലീസ്


 

click me!