Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം: അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി

Kerala Health department take action against six staff in calicut medical college kgn
Author
First Published Mar 23, 2023, 7:57 PM IST

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ആറ് പേർക്കെതിരെ നടപടിയെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ  വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. 

ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുന്ന് ജോലിയായിരുന്നു ശശീന്ദ്രന്. സംഭവ ദിവസം സ്ത്രീകളുടെ വാർഡിൽ രോഗിയുടെ ദേഹത്ത് വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്സ് പൊലീസിന് മൊഴി നൽകി. പീഡനത്തിനിരയായ യുവതി ബോധം തെളിഞ്ഞപ്പോൾ ഭർത്താവിനോട് വിവരം പറയുകയായിരുന്നു. പൊലീസിലും ആശുപത്രി അധികൃതർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios