കോഴിക്കോട് വിദേശത്ത് നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചത് 27ാം ദിവസം

By Web TeamFirst Published Apr 15, 2020, 6:51 AM IST
Highlights
കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം
തിരുവനന്തപുരം: കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തിന് വെല്ലുവിളി. കോഴിക്കോട് എടച്ചേരി സ്വദേശിയായ 35കാരൻ വിദേശത്ത് നിന്നെത്തി 27ാമത്തെ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധത്തിന് 28 ദിവസത്തെ നിരീക്ഷണം വേണമെന്ന കേരളത്തിന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍.

കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം. മറ്റ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം പിന്തുടരുമ്പോൾ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെമെന്ന് നിലപാടെടുത്തു. ഇത് ശരിയെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് എടച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച 35 കാരന്‍റെതടക്കമുള്ള അനുഭവങ്ങള്‍. 

സഹോദരനൊപ്പം മാര്‍ച്ച് 18ന് ദുബായില്‍ നിന്നെത്തിയ ഇയാള്‍ നാട്ടിലെത്തിയതു മുതല്‍ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും കൊവിഡ് ബാധയെന്ന് വ്യക്തമായത്. അതായത് വൈറസ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് മടങ്ങിയെത്തി 27 ദിവസത്തിനു ശേഷം. 

ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചത് ഇയാളില്‍ നിന്നെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. നേരത്തെ കണ്ണൂര്‍ സ്വദേശിയായ 40 കാരന് 26ദിവസത്തിനു ശേഷവും പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിനു ശേഷവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കൊവിഡ് വൈറസ് ബാധിക്കുന്ന 95 ശതമാനം വ്യക്തികളിലും 14 ദിവസത്തിനകം രോഗലക്ഷണം പ്രകടമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാലു ശതമാനം കേസുകളില്‍ ഇന്‍ക്യൂബേഷന്‍ പിരീഡ് 28 ദിവസം വരെയാകാം. ഒരു ശതമാനം കേസില്‍ 31 ദിവസം വെരെയുമാകാം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ രോഗവ്യാപനം തടയാന്‍ 28 ദിവസത്തെ നിരീക്ഷണം അനിവാര്യമെന്നാണ് പുതിയ കേസുകള്‍ തെളിയിക്കുന്നത്.
click me!