
കോഴിക്കോട്: നല്ലളം പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ (POCSO Case)കേസ് പ്രതി ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. പൊലീസുകാരെ രക്ഷിക്കാനുള്ള അന്വേഷണമാണ് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയതെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
'അന്വേഷണം പ്രഹസനമാണ്. തുടങ്ങുന്നതിന് മുൻപ് തന്നെ പൊലീസ് ഉദ്യോഗസ്ഥൻ നിഗമനത്തിൽ എത്തി. മതിലിൽ നിന്നും വീണ് പരിക്കേറ്റാണ് ജിഷ്ണുവിന്റെ മരണമെന്ന പൊലീസിന്റെ നിഗമനങ്ങളും ആരോപണങ്ങളും തെറ്റാണ്. ജിഷ്ണുവിന്റെ കാലിന് നേരത്തെ വീണ് പരിക്ക് പറ്റിയിരുന്നു. അതിനാൽ മതിലിൽ കയറാൻ ജിഷ്ണുവിന് കഴിയില്ല. പിന്നെയെങ്ങനെ മതിലിൽ നിന്ന് വീണ് പരിക്ക് പറ്റുമെന്ന് ബന്ധുക്കൾ ചോദിക്കുന്നു. നീതി തേടി കോടതിയെ സമീപിക്കുമെന്നും വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അച്ഛൻ സുരേഷ് കുമാർ വ്യക്തമാക്കി. നീതിക്കായി എത് അറ്റം വരെയും പോകുമെന്ന് ജിഷ്ണുവിന്റെ ഭാര്യ വൈഷ്ണവിയും അറിയിച്ചു.
ഉയരത്തിൽ നിന്നും വീണതിനെ തുടർന്നുണ്ടായ പരിക്കാണ് മരണ കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ തല കല്ലിൽ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചതും മരണകാരണമായതായും മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എങ്ങനയാണ് ഉയരത്തിൽ നിന്നുള്ള വീഴ്ചയുണ്ടായതെന്ന് വ്യക്തമല്ല. വീടിന് സമീപമുളള മതിലിൽ നിന്ന് പൊലീസിനെ കണ്ട് ചാടിയതാകം മരണകാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഇതിനെതിരെയാണ് ബന്ധുക്കൾ രംഗത്തെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച്. എന്നാൽ ഇത് പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കുടുംബം ആരോപിക്കുന്നു.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ജിഷ്ണുവിനെ വീടിനടുത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച എത്തിയതിന് പുറകെയാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.