
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റേത് ആത്മഹത്യയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറൻസിക് സർജൻ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസിപിക്ക് മൊഴി നൽകി. ആറ് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തിൽ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. ആൾക്കൂട്ട ആക്രമണത്തിന് നിലവിൽ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കല്‍പ്പറ്റയിലെ വിശ്വനാഥന്‍റെ വീട് സന്ദർശിച്ചു. രാവിലെ പത്ത് മണിയോടെയാണ് രാഹുൽ ഗാന്ധി കല്‍പ്പറ്റ വെള്ളാരം കുന്നിലെ വിശ്വനാഥന്‍റെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ്, വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൈക്കുഞ്ഞുമായി വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവും അമ്മയും തങ്ങൾക്കുണ്ടായ ദുരനുഭവം രാഹുലിനോട് വിവരിച്ചു. ഏറെക്കാലത്തിന് ശേഷം കുട്ടിയുണ്ടായ സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സമഗ്ര അന്വേഷണമാണ് ആവശ്യമെന്നും കുടുംബം രാഹുലിനോട് പറഞ്ഞു. സംഭവം ദുഖകരമാണെന്നും കുടുംബത്തിന്‍റെ ഒപ്പം താൻ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയ ശേഷമാണു രാഹുൽ മടങ്ങിയത്.
വിശ്വനാഥന്‍റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടരുകയാണ്. സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരുസംഘം മർദി ച്ചിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ചയാണ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam