
തിരുവനന്തപുരം: 2018ലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രളയബാധിതര്‍ക്കായി തന്റെ മുതുക് ചവിട്ടുപടികളാക്കിയ ജെയ്സലിനെ ആരും മറക്കാന്‍ ഇടയില്ല. കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് ജെയ്‌സല്‍ പങ്കുവച്ച പ്രളയാനുഭവങ്ങള്‍ ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.
മുപ്പത്തിനാല് വയസിനിടെ താന്‍ എടുക്കേണ്ടി വന്നത് ഇരുപത്തിയഞ്ചോളം ശവശരീരങ്ങളാണെണ് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവന് പ്രാധാന്യം നല്‍കാതെ, കൂര നഷ്ടപെട്ട കൂടപ്പിറപ്പുകള്‍ക്കായി പോരാടിയ പ്രളയ കാലത്തെ കയ്പ്പുനിറഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ നിറമിഴികളോടെയാണ് സദസ്സ് അത് കേട്ടിരുന്നത്.
ആരുമറിയാതെ പോകുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വേദനകളും വേദിയില്‍ അദ്ദേഹം തുറന്നുകാട്ടി. കഴിഞ്ഞ പ്രളയം മുതല്‍ ഈ പ്രളയം വരെ പലകുടുംബങ്ങളും പട്ടിണിയായിരുന്നെന്നും, തങ്ങള്‍ക്കു കിട്ടേണ്ട പല ആനുകൂല്യങ്ങളും ഇനിയും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തിന് ശേഷം പലയിടങ്ങളില്‍ നിന്നായി തനിക്ക് ലഭിച്ച തുക പല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ എം.വി നിഷാന്ത് മോഡറേറ്ററായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam