
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ചില ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ തള്ളി ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ശബരിമല യുവതീ പ്രവേശനം വേണ്ടെന്നു തന്നെയാണ് ഇപ്പോഴും ശബരിമല കർമ്മ സമിതിയുടെ നിലപാട്. ചില നേതാക്കളുടെ വിഭിന്ന അഭിപ്രായം വ്യക്തിപരമാണെന്ന് ശശികല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ തീരുമാനം ആകും വരെ സമരം ചെയ്യും. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നുണ്ട്. ആചാരങ്ങളുടെ മുകളിലുള്ള കടന്ന് കയറ്റത്തിന് ശ്രമം നടക്കുന്നുവെന്നും ശശികല പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്ന റെഡി റ്റു വെയിറ്റ് ക്യാംപയിന്‍ അനുകൂലികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമതിയും നിലപാട് വ്യക്തമാക്കുന്നത്.
ആര്‍എസിഎസ് ബൗദ്ധിക് പ്രമുഖ് ആയ ആര്‍. ഹരി അടക്കം ചില നേതാക്കള്‍ ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് റെഡി റ്റു വെയിറ്റ് ക്യാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ വലിയ വാക്പോര് നടക്കുകയാണ്. ഇതോടെയാണ് ശബരിമല യുവതീ പ്രവേശനം വേണ്ടെന്നു തന്നെയാണ് ഇപ്പോഴും ശബരിമല കർമ്മ സമിതിയുടെ നിലപാടെന്ന് വ്യക്തമാക്കി കെപി ശശികല രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam