
കോഴിക്കോട്: മുൻ എംഎൽഎ കെ എം ഷാജിക്കെതിരെ (K M Shaji) നടന്നു കൊണ്ടിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ് (K P A Majeed). സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ഷാജിയെ വേട്ടയാടി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇഡി നടപടി. വിജിലൻസിൽ തുടങ്ങി ഇ.ഡിയിൽ എത്തി നിൽക്കുന്ന ഈ നാടകത്തിന് പിന്നിൽ സി.പി.എമ്മെന്നും കെ.പി.എ മജീദ് ആരോപിച്ചു.
അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ മുൻ എംഎൽഎ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയ സംഭവത്തിലാണ് കെ.പി.എ മജീദിന്റെ പ്രതികരണം. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.
2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam