
തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ മുൻ എംഎൽഎ കെ എം ഷാജി (K M Shaji) കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയായ കെടി ജലീല്‍ (KT Jaleel) രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് തനിക്കെതിരെ മുന്‍പ് കെഎം ഷാജി ഉയര്‍ത്തിയ വിമര്‍ശനം ഉന്നയിച്ച് കെടി ജലീല്‍ കെഎം ഷാജിയെ ലക്ഷ്യം വയ്ക്കുന്നത്.
ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ
വിശുദ്ധ ഖുർആന്‍റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.
സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്‍റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.
കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടി
അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.
2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam