
തിരുവനന്തപുരം: രാഷ്ട്രീയകാര്യസമിതി യോഗം ഏകപക്ഷീയമായി മാറ്റിയ കെപിസിസി പ്രസിഡണ്ടിന്റെ നടപടിയിൽ എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി. പ്രസിഡണ്ട് എല്ലാം ഒറ്റക്ക് തീരുമാനിക്കുന്നുവെന്ന പരാതി നിലനിൽക്കെയാണ് വീണ്ടും മുല്ലപ്പള്ളിക്കെതിരെ ഗ്രൂപ്പുകളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
സമീപകാലത്തില്ലാത്ത വിധമാണ് കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനമുയർന്നത്. ഫോൺ എടുക്കുന്നില്ലെന്നടക്കം വിമർശനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയർന്നു. ഈ വിമർശനമെല്ലാം മാധ്യമങ്ങളിലും വലിയ വാർത്തയായി. തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച മുല്ലപ്പള്ളി, രാഷ്ട്രീയകാര്യസമിതി തന്നെ വേണ്ടെന്ന നിലപാട് എടുത്തു.
ഭാരവാഹി പട്ടികയിൽ ഒരാൾക്ക് ഒരു പദവി എന്ന നിലപാടാണ് ഗ്രൂപ്പ് മാനേജർമാരെ ചെടിപ്പിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. എന്നാൽ ഏകപക്ഷീയ നിലപാടാണ് മുല്ലപ്പള്ളിയുടേതെന്നാണ് മറ്റ് നേതാക്കളുടെ നിലപാട്. പ്രതിപക്ഷനേതാവിനെതിരെ വരെ പരസ്യനിലപാട് മുല്ലപ്പള്ളി സ്വീകരിച്ചുവെന്നാണ് ആക്ഷേപം. പുതിയ ഭാരവാഹികളുടെ യോഗം വിളിച്ചപ്പോൾ മുൻ കെപിസിസി പ്രസിഡന്റെമാരെയും മുതിർന്ന നേതാക്കളെയും ഒഴിവാക്കി.
പാർട്ടി ഫോറത്തിലെ വിമർശനങ്ങളിൽ പ്രസിഡന്റ് എന്തിനാണ് ഇത്രയും അസ്വസ്ഥനാകുന്നതെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ ചോദ്യം. ഗ്രൂപ്പുകളുടെ എതിർപ്പ് കാരണം സെക്രട്ടറിമാരുടെ പട്ടികയിൽ ഇതുവരെ ധാരണയായിട്ടില്ല. സുധീരൻറെ കാലത്ത് ഗ്രൂപ്പുകൾ പ്രസിഡണ്ടിനെതിരെ യോജിച്ച രീതിയിലാണിപ്പോൾ മുല്ലപ്പള്ളിയും ഗ്രൂപ്പുകളും തമ്മിലെ പോര്. പ്രതിസന്ധി തീർക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam