
തിരുവനന്തപുരം: സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ എം പി മാർക്കെതിരെ വടി എടുത്ത് കെപിസിസി. സ്ഥാനാർത്ഥികൾ ആകുമെന്ന് പ്രഖ്യാപിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്ന് കെപിസിസി നിർവ്വഹക സമിതിയിൽ കെ സുധാകരൻ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിച്ച ശശി തരൂരിനെതിരെ പേരെടുത്ത് പറയാതെയായിരുന്നു യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനി ചർച്ചയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനോട് മുഖം കറുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam