
തിരുവനന്തപുരം: ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും അര്‍ജന്റീനന്‍ ഫുട്‌ബോള്‍താരം മെസ്സി വരാത്തതിന്റെ ഉത്തരം സര്‍ക്കാര്‍ പറയണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. മെസ്സി ഈസ് മിസ്സിംഗ് എന്ന് പരിഹസിച്ച സണ്ണി ജോസഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണെന്നും അവരുടെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞെന്നും പറഞ്ഞു. സര്‍ക്കാരിന് ഗുരുതരവീഴ്ചയുണ്ടായി.ഇതു സംബന്ധിച്ച് എഎഫ്എ പ്രതിനിധിയുടെ ചാറ്റ് ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഡോ. ഹാരീസിനെതിരായ ആരോപണം പിന്‍വലിച്ച് മാപ്പുപറയണം
ഡോ. ഹാരീസ് ഹസനെതിരായ ആരോപണവും അപവാദ പ്രചരണവും പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. സത്യസന്ധനും നിരപരാധിയുമാണ് ഡോ. ഹാരീസ്. അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും എല്ലാ പിന്തുണയും നല്‍കും. കെ ജി എം ഒ എക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാനാവില്ല. മോഷണകുറ്റം ആരോപിച്ച് അന്വേഷണ പ്രഹസനം നടത്തിയാലും ഡോ. ഹാരീസിനെ ജനം അവിശ്വസിക്കില്ല. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി മറച്ചുപിടിക്കാന്‍ എത്ര അധികാര ദുര്‍വിനിയോഗം നടത്തിയാലതുമത് സാധ്യമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല തകര്‍ന്നു. ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലിലൂടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതിന് പരിഹാരം കാണാതെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ നീക്കം അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കണം
സ്വതന്ത്രവും നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പിന് അനര്‍ഹരെ ഒഴിവാക്കി കൃത്യമായ വോട്ടര്‍പ്പട്ടികയുണ്ടാവണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെ രാഹുല്‍ ഗാന്ധി ഉന്നയിച്ചതാണ്. വോട്ടര്‍പ്പട്ടികയിലെ കൃത്രിമം സംബന്ധിച്ച് രാഹുല്‍ ഗാന്ധി തെളിവു സഹിതം ചൂണ്ടിക്കാട്ടിയ ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി നല്‍കണം. തൃശ്ശര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയില്‍ വ്യാപകമായ ക്രമക്കേട് ഉണ്ടെന്ന ആക്ഷേപം കോണ്‍ഗ്രസ് അന്ന് തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam