
ദില്ലി: കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇനി സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിൻ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി അറിയിച്ചു.
തുടർനടപടികൾ അവസാനിപ്പിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിക്കായി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സ് ആണ് സത്യവാങ്മൂലം നൽകിയത്.
അതിനിടെ, ജുഡീഷ്യറിക്കെതിരായ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി എത്തി. രാഹുൽ ഗാന്ധി, കെപിസിസി, മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി, മഹുവ മൊയ്ത്ര, തെരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്രസർക്കാർ അടക്കം എട്ടിലധികം പേരെ എതിർകക്ഷിയാക്കി അഭിഭാഷകനായ ഉത്കർഷ് ജയ്സ്വാൾ ആണ് ഹർജി സമർപ്പിച്ചത്. ജഡ്ജിമാർക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾ തടയണമെന്നും ജുഡീഷ്യൽ ചുമതല പിൻവലിക്കാൻ രാഷ്ട്രീയ സമ്മർദം പാടില്ലെന്നുമാണ് ഹർജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി ചട്ടം നടപ്പാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. വിവാദ പോസ്റ്റുകൾ നീക്കാൻ ഇടക്കാല നിർദേശം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam