
തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയ്‍നിനെ തല്‍സ്ഥാനത്തു നിന്നു നീക്കാൻ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ചരടുവലികൾ തുടരുന്നതിനിടെ, മേയറോട് തിരുവനന്തപുരത്ത് എത്താൻ കെപിസിസിയുടെ നിര്‍ദ്ദേശം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്.
നാളെ തിരുവനന്തപുരത്ത് എത്താനാണ് സൗമിനിയോട് കെപിസിസി അധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആണ് സൗമിനി ജെയ്‌നിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ കാര്യങ്ങൾ മേയറോട് വിശദീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മേയറെ നീക്കാൻ അണിയറയിൽ നീക്കങ്ങള്‍ തുടരുന്നതിനിടെ മേയർക്ക് പിന്തുണയുമായി രണ്ട് കൗൺസിലർമാർ രംഗത്ത് എത്തിയിരുന്നു. സൗമിനി ജയ്നിനെ മേയർ സ്ഥാനത്ത് നിന്ന് നീക്കിയാൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് കൗൺസിലർമാരായ ഗീത പ്രഭാകറും ജോസ്മേരിയും അറിയിക്കുകയായിരുന്നു. ഗീത പ്രഭാകർ സ്വതന്ത്രയായും ജോസ്മേരി യുഡിഎഫ് അംഗമായുമാണ് കോർപ്പറേഷനിലെത്തിയത്.
ആകെ 74 അംഗങ്ങളുള്ള കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് നിലവിൽ 37 അംഗങ്ങളുണ്ട്. എൽഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. നിലവിൽ ഭീഷണി മുഴക്കിയ രണ്ടംഗങ്ങൾ പിന്തുണ പിൻവലിച്ചാൽ യുഡിഎഫ് അംഗസംഖ്യ 35 ആയി കുറയും. ഇതോടെ, എൽഡിഎഫുമായി ഒരു സീറ്റിന്റെ വ്യത്യാസമേ ഉണ്ടാകു. ബിജെപി എൽഡിഎഫിനൊപ്പം ചേർന്നാൽ യുഡിഎഫിന് ഭരണം നഷ്ടമാകും.
Read Also: കൊച്ചിയിൽ 'ട്വിസ്റ്റ്'; മേയർക്ക് പിന്തുണയുമായി കൗൺസിലർമാർ; പിന്തുണ പിൻവലിക്കുമെന്ന് സ്വതന്ത്ര അംഗം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam