കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ചെക്ക് വച്ച് സൗമിനി ജെയിനും സംഘവും. കൊച്ചി മേയർക്ക് പിന്തുണയുമായി രണ്ട് കൗൺസിലർമാർ രംഗത്ത് വന്നു. കോൺഗ്രസ് അംഗം ജോസ് മേരിയും സ്വതന്ത്ര അംഗം ഗീത പ്രഭാകരനുമാണ് മേയർക്ക് പിന്തുണ പ്രഖ്യാപിച്ചത്.

കൊച്ചി മേയറോട്  തിരുവനന്തപുരത്തു എത്താൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ കെപിസിസിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ഈ ഘട്ടത്തിലാണ് രണ്ട് കൗൺസിലർമാർ പിന്തുണയുമായി രംഗത്ത് വന്നത്.

മേയർ സ്ഥാനത്ത് നിന്ന് സൗമിനിയെ നീക്കിയാൽ പിന്തുണ പിൻവലിക്കുമെന്നാണ് ഗീത പ്രഭാകരന്റെ ഭീഷണി. മേയറെ ഈ ഘട്ടത്തിൽ മാറ്റേണ്ടതില്ലെന്നും ഇരുവരും പറഞ്ഞു. അവശേഷിക്കുന്നത് എട്ട് മാസം മാത്രമാണെന്നും അത്രയും കാലത്തേക്ക് വേണ്ടി മാത്രം മറ്റൊരു മേയർ വേണ്ടെന്നുമാണ് ഇവരുടെ ആവശ്യം.

കോർപ്പറേഷൻ ഭരണസമിതി രണ്ടര വർഷം കഴിഞ്ഞാൽ മാറണം എന്ന ധാരണയെ പറ്റി കൗണിലാർമാർക്ക്‌ ആർക്കും അറിയില്ലെന്നും ഇരുവരും പറഞ്ഞു. ചില നേതാക്കളുടെ താത്പര്യമാണ് ഇപ്പോഴത്തെ ബഹളങ്ങൾക്ക് പിന്നിലെന്നാണ് ഇവർ ആരോപിച്ചത്. ഇപ്പോൾ നടക്കുന്ന നീക്കങ്ങളൊന്നും കൗൺസിലർമാർ അറിയുന്നില്ലെന്നും കുറ്റപ്പെടുത്തി. 

കൊച്ചി കോർപ്പറേഷനിൽ ആകെ 74 അംഗങ്ങളാണ് ഉള്ളത്. ഡപ്യൂട്ടി മേയറായിരുന്ന ടിജെ വിനോദ് കൂടി രാജിവച്ച സാഹചര്യത്തിൽ നിലവിൽ യുഡിഎഫിന് 37 സീറ്റും എൽഡിഎഫിന് 34 സീറ്റുമാണ് ഉള്ളത്. രണ്ട് അംഗങ്ങളും രാജിവച്ചാൽ യുഡിഎഫ് അംഗബലം 35 ആയി കുറയും. യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗം കൗൺസിലർമാരും മേയർ സൗമിനി ജെയിന് ഒപ്പമാണെന്നും ഇരുവരും പറഞ്ഞു.