
തിരുവനന്തപുരം: ചീഫ് ജസ്റ്റിസിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് വക്കീൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നാണ് ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയെന്നാണ് മുന്നറിയിപ്പ്. നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെപിസിസിക്ക് സുപ്രീം കോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
'സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള് കണ്ടെത്താം' എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു. സംഭവത്തില് ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്നിന്ന് നീക്കിയതായി പിന്നീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ വിഷയം ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോൾ കെ പി സി സിക്ക് നോട്ടീസ് അയച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam