'കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതാക്കളുടെ കാലുവാരൽ'; കെപിസിസി അന്വേഷണ സമിതികളുടെ റിപ്പോർട്ട്

By Web TeamFirst Published Aug 24, 2021, 8:56 AM IST
Highlights

തോറ്റ ഓരോ മണ്ഡലങ്ങളുടേയും സാഹചര്യങ്ങൾ പ്രത്യേകം പരിശോധിച്ചാണ് കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അഞ്ച് സമിതികളുടെയും റിപ്പോർട്ടുകൾ.

തിരുവനന്തപുരം: സംഘടനാ സംവിധാനത്തിന്‍റെ പോരായ്മയും നേതാക്കളുടെ കാല് വാരലുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുള്ള പ്രധാന കാരണങ്ങളെന്ന് കെപിസിസി അന്വേഷണ സമിതികളുടെ റിപ്പോർട്ട്. മുസ്ലീം വിഭാഗങ്ങൾ കോൺഗ്രസ്സിനോട് അകന്നതും തിരിച്ചടിക്കുള്ള കാരണമാണ്. നാടാർ സംവരണം അടക്കം നടപ്പാക്കി, വിവിധ സാമുദായിക വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ഇടത് നീക്കവും ഭരണത്തുടർച്ചയുടെ കാരണമായെന്നാണ് കണ്ടെത്തൽ.

തോറ്റ ഓരോ മണ്ഡലങ്ങളുടേയും സാഹചര്യങ്ങൾ പ്രത്യേകം പരിശോധിച്ചാണ് കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അഞ്ച് സമിതികളുടെയും റിപ്പോർട്ടുകൾ. അതീവ ദുർബ്ബലമായ സംഘടനാ സംവിധാനവും നേതാക്കളുടെ പാരവെയ്പ്പും പൊതുവായി തോൽവിയുടെ കാരണമായി എല്ലാ റിപ്പോർട്ടിലും അടിവരയിടുന്നു. യുഡിഎഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുസ്ലീം വിഭാഗങ്ങൾ ഇടതിനൊപ്പം മാറിയത് വളരെ നിർണ്ണായകമായന്നാണ് മറ്റൊരു കണ്ടെത്തൽ. നേമം, കൊല്ലം, തൃത്താല അടക്കം പല മണ്ഡലങ്ങളിലെയും തോൽവിക്ക് ഇത് കാരണമായി. മുസ്ലീം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെങ്കിൽ തിരിച്ചടി തുടരുമെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. സംഘടനാ സംവിധാനത്തിന്റെ തകർന്നത് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാക്കിയത് മലബാറിലും തെക്കും. കോന്നി, വട്ടിയൂർകാവ്, നെടുമങ്ങാട്, അമ്പലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി മോഹികൾ സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണമായി.

കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയായ ഡോ. എസ്എസ് ലാലിനെ ജനങ്ങളിലേക്കെത്തിക്കാൻ സംഘടനക്കായില്ല. ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിയും സംഘടനയും രണ്ട് വഴിക്കായിരുന്നു. ഇടുക്കി, പത്തനതിട്ട ജില്ലകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സാമുദായിക സമവാക്യം പാളി. കുന്നത്ത് നാട്ടിൽ ട്വൻറി ട്വൻറി പാരയായി. ജോസ് കെ മാണി പക്ഷത്തിന്‍റെ മുന്നണി മാറ്റം മധ്യകേരളത്തിൽ തിരിച്ചടിയുണ്ടാക്കി. മുസ്ലീം-കൃസ്ത്യൻ മതവിഭാഗങ്ങളെയും അതിലെ തന്നെ ഓരോ വിഭാഗങ്ങളെയും അതിവിഗദ്ധമായി എൽഡിഎഫ് ഒപ്പം നിർത്തി. യുഡിഎഫിൻറെ സോോഷ്യൽ എഞ്ചിനീയറിംഗ് അമ്പേ പരാജയമായി. സർക്കാർ അവസാന നിമിഷം ഇറക്കി നാടാർ സംവരണം കാട്ടക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര അടക്കമുള്ള മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമായി. മൂന്ന് പേരടങ്ങുന്ന അഞ്ച് സമിതിയാണ് വിവിധ ജില്ലകളിൽ പരിശോധന നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!