'ഭീഷണിപ്പെടുത്തി കേസില്‍ പ്രതിയാക്കി'; വീട് ആക്രമണ സംഭവത്തില്‍ കെപിസിസി അംഗത്തിന്‍റെ വിശദീകരണം

By Web TeamFirst Published Sep 4, 2020, 10:38 PM IST
Highlights

തനിക്കൊപ്പം സ്റ്റേഷനില്‍ വന്ന സുഹൃത്തിനേയും അമ്മയേയും കേസില്‍ കുടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസ് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച് പൊലീസ് അമ്മയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. പൊലീസുകാര്‍ പറഞ്ഞ കാര്യങ്ങളാണ് താനെഴുതി നല്‍കിയത്

തിരുവനന്തപുരം: സ്വന്തം വീടിന്‍റെ ജനല്‍ച്ചില്ല് അടിച്ച് തകര്‍ത്ത് നാടകീയമായ പ്രഹസനം നടത്തി കോണ്‍ഗ്രസില്‍ നിന്ന് തനിക്കൊന്നും നേടാനില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീന. വീടാക്രമിച്ച സംഭവത്തില്‍ മൊഴിയെടുക്കാനായി വിളിച്ച മകനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന തനിക്കും കുടുംബത്തിനുമെതിരെ അക്രമമുണ്ടാവുന്നത് ആദ്യ സംഭവമല്ലെന്നും ലീന ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. വീട് ആക്രമിച്ചത് മകന്‍ ലിഖില്‍ കൃഷ്ണയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം കൊണ്ട് താന്‍ ഭയപ്പെടില്ലെന്നും അവര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

മൊഴിയെടുക്കാനായാണ് പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതെന്നും അതിന് ശേഷം കേസില്‍ തന്നെ പ്രതിയായി കുരുക്കുകയായിരുന്നെന്നും ലീനയുടെ മകനും പറയുന്നു. തനിക്കൊപ്പം സ്റ്റേഷനില്‍ വന്ന സുഹൃത്തിനേയും അമ്മയേയും കേസില്‍ കുടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസ് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച് പൊലീസ് അമ്മയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി.

പൊലീസുകാര്‍ പറഞ്ഞ കാര്യങ്ങളാണ് താനെഴുതി നല്‍കിയത്. മൊഴിയെടുക്കാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്ന തന്നോട് ശിവശങ്കരന് മൊഴിയെടുക്കാന്‍ കാത്തിരിക്കാമെങ്കില്‍ നിനക്കും ആവാമെന്ന നിലയിലായിരുന്നു പൊലീസുകാരുടെ പ്രതികരണമെന്നും ലിഖില്‍ കൃഷ്ണ ആരോപിക്കുന്നു. വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കില്ലെന്നും ആര്‍ക്കും കുഴപ്പമില്ലാത്ത രീതിയില്‍ ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ ശേഷമാണ് വീഡിയോ എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ലിഖില്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിക്കുന്നു.  

നേരത്തെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുടെ വീടാക്രമിച്ച സംഭവത്തില്‍ ലീനയുടെ മകന്‍ ലിഖിൽ കൃഷ്ണയെ പൂന്തുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. എതിരാളികൾ ആക്രമണം നടത്തിയെന്ന് മനപൂർവ്വം പുകമറ സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പൊലീസ് വ്യക്തമാക്കിയത്. വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു ലീനയുടെ വീടിന് നേരെയുളള ആക്രമണം.

ഈ സംഭവം ഉയർത്തിക്കാട്ടി സിപിഎമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് സംഭവത്തില്‍ ലീനയുടെ മകന്‍ പിടിയിലായത്. മകന്‍റെ പങ്ക് തെളിഞ്ഞതോടെ ലീന പരാതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു ലീനയുടെ മുട്ടത്തറയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവത്തിന് ശേഷം ലീന ആരോപിച്ചിരുന്നു.
 

click me!