കെപിസിസി അധ്യക്ഷൻ്റെ പ്രഖ്യാപനം ഉടനില്ല; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാൻ താരിഖ് അൻവറിനോട് ഹൈക്കമാൻഡ്

By Web TeamFirst Published Jun 3, 2021, 5:15 PM IST
Highlights

എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്യണമെന്നാണ് ഹൈക്കമാൻഡിന്‍റെ നിർദ്ദേശം. കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിലും നേതാക്കളുടെ അഭിപ്രായം ചോദിക്കും.

ദില്ലി: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് ധാരണ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാൻ താരിഖ് അൻവറിന് ഹൈക്കമാൻഡ് നിർദ്ദേശം നല്‍കി. കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ സമയം കുറവായിരുന്നു. അതിന് ശേഷമുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതിനാല്‍, നേതാക്കളുടെ നിലപാട് താരിഖ് അൻവർ ആരായും. എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്യണമെന്നാണ് ഹൈക്കമാൻഡിന്‍റെ നിർദ്ദേശം. കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിലും നേതാക്കളുടെ അഭിപ്രായം ചോദിക്കും.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ്റെ പേരാണ് ഇപ്പോഴും ആദ്യ പരിഗണനയിൽ ഉള്ളത്. ഇക്കാര്യത്തിൽ വൈകാതെ പ്രഖ്യാപനം വരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ എഐസിസി നല്‍യത്. എന്നാൽ കൂടിയാലോചന വേണം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തുകയാണ്. ഉമ്മൻചാണ്ടി ഉൾപ്പടെ ആലോചന നടന്നിട്ടില്ല എന്ന കാര്യം പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ കൂടിയാണിത്. പാർട്ടിയെ എല്ലാ തലത്തിലും ശക്തിപ്പെടുത്താനാണ് യാത്ര എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ താരിഖ് അൻവർ പ്രഖ്യാപനം നീളും എന്നും സൂചന നല്‍കി.

കെ സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിൻ്റെ പേര് കൂടിയാണ് ഹൈക്കമാൻഡിൻ്റെ മുന്നിലുള്ളത്. എല്ലാവരുമായും കൂടിയാലോചന എന്ന നിലപാടിലേക്ക് നേതൃത്വം എത്തുമ്പോൾ ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങുമോ എന്ന ആശങ്ക കെ സുധാകരനായി വാദിക്കുന്നവർക്കുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!