കെപിസിസി അധ്യക്ഷ സ്ഥാനം; 'കെ സുധാകരനെ വേണ്ട', കൊടിക്കുന്നിൽ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മർദ്ദം

By Web TeamFirst Published May 30, 2021, 12:10 PM IST
Highlights

തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപിലും ഗ്രൂപ്പുകൾ നിലപാട് വ്യക്തമാക്കി. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. 

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മർദ്ദം. കെ സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിച്ചു. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപാകെയും ഗ്രൂപ്പുകൾ നിലപാടറിയിച്ചെന്നാണ് വിവരം. 

കെ സുധാകരൻ വേണ്ടെന്ന നിലപാടിലുറച്ചാണ് ഗ്രൂപ്പുകൾ. അക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും രണ്ടഭിപ്രായമില്ല. സുധാകരനെ വെട്ടാനാണ് ദളിത് പ്രാതിനിധ്യം കെപിപിസി അധ്യക്ഷ സ്ഥാനത്ത് വേണമെന്ന നിലപാടുമായി ഗ്രൂപ്പുകൾ ഒന്നിക്കുന്നത്. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡൻ്റായ കൊടിക്കുന്നിൽ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നും നേതാക്കൾ വാദിക്കുന്നു. കെ സുധാകരൻ്റെ പ്രായം, പ്രവർത്തശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങൾ ഉയർത്തിയാണ് കൊടിക്കുന്നിൽ സുരേഷിന് വഴിയൊരുക്കാനുള്ള നീക്കം. 

കണ്ണൂരിലേതടക്കം പാർട്ടിയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടി നേതൃ പാടവമില്ലാത്തയാളാണ് സുധാകരനെന്ന് അശോക് ചവാൻ സമിതിക്ക് മുൻപിലും ഗ്രൂപ്പ് നേതാക്കൾ വാദിച്ചിട്ടുണ്ട്. ഇതിനിടെ സോണിയ ഗാന്ധിക്ക് മുൻപിൽ കൊടിക്കുന്നിൽ സുരേഷ് അവസരം ചോദിച്ചതായി  വിവരമുണ്ട്. ദളിത് വാദമുയർത്തിയാണ് കൊടിക്കുന്നിലിൻ്റെ നീക്കം. അതേസമയം, സുധാകരനായി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇനിയും ഉമ്മൻ ചാണ്ടിയേയും, ചെന്നിത്തലയേയും പിണക്കി മുൻപോട്ട് പോകാൻ കഴിയുമോയെന്ന ആശയക്കുഴപ്പം ഹൈക്കമാൻഡിലുണ്ട്. തർക്കം തുടർന്നാൽ ചില അപ്രതീക്ഷിത തീരുമാനങ്ങൾ ഉണ്ടായേക്കാമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!