Fuel price|ഇന്ധന വില കുറയ്ക്കൽ; തട്ടിപ്പ് വേണ്ടെന്ന് എഐസിസി; സമര വിജയം, ഇനിയും തെരുവിലിറങ്ങുമെന്ന് സുധാകരന്‍

By Web TeamFirst Published Nov 3, 2021, 11:10 PM IST
Highlights

'രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടെന്നും  അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.'

തിരുവനന്തപുരം:  രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍  ഇന്ധനവില(Fule price) കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്  എഐസിസി(Aicc). ലോക്സഭ നിയമസഭ ഉപ തെരഞ്ഞെടുപ്പിലെ  തോൽവിയാണ് ദീപാവലി സമ്മാനത്തിന് പിന്നിലെന്നും തട്ടിപ്പ് വേണ്ടെന്നും എഐസിസി തുറന്നടിച്ചു.  യുപിഎ സർക്കാരിന്റെ കാലത്തെ എക്സൈസ് തീരുവയും(Petrol Diesel Excise Cut) ഇപ്പോഴത്തെ തീരുവയും പങ്കു വെച്ചാണ് വിമർശനം.

എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ ഫലമാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടെന്നും  അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍റെ പ്രതികരണം.   ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമായി. കോൺഗ്രസിന്‍റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. കരുത്തുറ്റ പ്രതിഷേധങ്ങളുമായി  കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു. 

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അപ്പോഴും 2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ്‌ ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുത്. ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവും ആണ് സർക്കാരിനെ ഇപ്പോൾ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടി. വിപണി വില നിശ്ചയിക്കുക എന്ന  മൻമോഹൻ സിംഗ് സർക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയിൽ മുന്നൂറ്‌ ഇരട്ടിയോളം കേന്ദ്ര സർക്കാർ കൂട്ടിയ എക്സൈസ് തീരുവയും അതിനനുസരിച്ചു വർധിക്കുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വർധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ന്യായമായ എക്സൈസ് തീരുവ മാത്രം ഈടാക്കി ഇന്ധനം ജനങ്ങൾക്ക് നൽകുക എന്നതാണ്. അവശ്യ സാധനങ്ങളുടെ വില ഉൾപ്പടെ ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ അത് ഉപകരിക്കും. അതിനുള്ള നടപടിയാണ് വേണ്ടത്- പ്രതിരക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Read More: Petrol Diesel Excise Cut| രാജ്യത്ത് ഇന്ധന വില കുറയും; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയും കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും. ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.  ദില്ലിയിൽ നിലവില്‍ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ. കേരളത്തില്‍ ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ.

സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില. ഇന്ധന ഉൽപ്പാദകരിലെ ആഗോള ഭീമനായ സൗദി അരാംകോ 158 ശതമാനം ലാഭവർധന നേടി. 

 

click me!