'മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല, കെഎസ്ആര്‍ടിസിയെ കറവപ്പശുവായി കാണുന്നു': വിമര്‍ശനവുമായി കെ.സുധാകരന്‍

By Web TeamFirst Published Aug 6, 2022, 3:00 PM IST
Highlights

ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും നിര്‍ത്തലാക്കിയതിന്റെയും പിന്നില്‍ മാനേജ്‌മെന്റിന്റെ കള്ളക്കളിയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 

തൊഴിലാളികളോടുള്ള പ്രതികാര നടപടിയാണ് കൃത്രിമ ഡീസല്‍ ക്ഷാമമെന്ന് ആക്ഷേപം തൊഴിലാളി യൂണിയനുകള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 190 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വരുമാനം ഉണ്ടായിരുന്നു. ഡീസലിനും ശമ്പളത്തിനുമായി 172 കോടി മതി. എന്നിട്ടും ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും നിര്‍ത്തലാക്കിയതിന്റെയും പിന്നില്‍ മാനേജ്‌മെന്റിന്റെ കള്ളക്കളിയാണ്. എണ്ണക്കമ്പനികളുടെ കുടിശിക 13 കോടി രൂപ നല്‍കിയാല്‍ ഇന്ധനക്ഷാമം പരിഹരിക്കാവുന്നതേയുള്ളു. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കാതെ തൊഴിലാളികളെ പഴിക്കാനാണ് തുനിയുന്നത്.

പ്രതിമാസം കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കിയിട്ടും  മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഒരു ആത്മാര്‍ത്ഥയും കാട്ടുന്നില്ല. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.

ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. 40 ശതമാനം ഓര്‍ഡിനറി സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. ഇതോടെ പൊതുജനം പെരുവഴിയിലായി. അതേസമയം കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക്  ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ ആവർത്തിച്ചതും തിരിച്ചടിയായിരിക്കുകയാണ്.

Read More : കെഎസ്ആർടിസി ഡീസൽ പ്രതിസന്ധിയിൽ മന്ത്രി റിപ്പോർട്ട് തേടി; വിശദാംശങ്ങൾ ഇന്നു തന്നെ അറിയിക്കാൻ സിഎംഡിക്ക് നിർദേശം

ഇന്ന് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ മുടങ്ങുന്നത്. ഓര്‍ഡിനറി ബസുകളുടെ സര്‍വ്വീസ് വെട്ടിക്കുറച്ചതോടെ ഗ്രാമീണ, തീരദേശ, മലയോര മേഖലയിലെ സാധാരണക്കാരാണ് വലഞ്ഞത്. വിലെ ഡ്യൂട്ടിക്കെത്തിയെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സർവീസ് റദ്ദാക്കിയത് അറിഞ്ഞതോടെ മടങ്ങി. ഡീസല്‍ പ്രതിസന്ധി ചില ദീർഘദൂര സർവീസുകളെയും ബാധിച്ചിട്ടുണ്ട്. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. പ്രതിമാസ ധനസഹായത്തിൽ സര്‍ക്കാര്‍ നൽകാനുളള 20 കോടി കിട്ടിയാൽ താൽക്കാലിക പ്രശ്നപരിഹാരമാകുമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. 
 

click me!