
ദില്ലി: കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി. 'ഫുൾ ടൈം' അധ്യക്ഷൻ എന്നതിൽ പാർട്ടി വ്യക്തത വരുത്തിയിട്ടില്ലെന്ന് കൊടിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി നിലപാട് എന്തെന്ന് തനിക്കറിയില്ല. ഇന്ത്യയിലെവിടെയും കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ ഒരു വ്യവസ്ഥയില്ല. ദേശീയ നേതൃത്വം അങ്ങനെ ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നില്ലെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു. ഇതേക്കുറിച്ച് വ്യക്തമായി അറിയാവുന്നവർ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പരത്തുകയാണ്. എംപിമാരും എംഎൽഎമാരും ആയിരുന്നപ്പോഴാണ് പലരും കെപിസിസി അധ്യക്ഷന്മാരായതെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തുടരുകയാണ്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കെപിസിസി അധ്യക്ഷനെ എത്രയും വേഗം നിശ്ചയിക്കണമെന്ന മുന്നറിയിപ്പ് രാഷ്ട്രീയകാര്യ സമിതി നല്‍കിയെങ്കിലും അടിയന്തര സാഹചര്യം പക്ഷേ എഐസിസി വിലയിരുത്തുന്നില്ല. ഉടന്‍ ചര്‍ച്ചകളിലേക്ക് കടന്ന് അധ്യക്ഷനെ നിയമിക്കുമെന്ന യാതൊരു സൂചനയും നിലവിലില്ല. പഞ്ചാബ്, ഉത്തര്‍ പ്രദേശടക്കം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ അവിടുത്തെ സംഘടന വിഷയങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരേയും പിന്തുണക്കില്ലെന്ന നിലപാടാണ് സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്. പ്രഖ്യാപനം വരാന്‍ വൈകുമെന്നത് കൊണ്ട് തന്നെ മന്ത്രി പദവിക്കൊപ്പം പാര്‍ട്ടി അധ്യക്ഷന്‍റെ ചുമതലയില്‍ തുടരാനുള്ള നിര്‍ദ്ദേശം സണ്ണി ജോസഫിന് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam