
കണ്ണൂര്‍/കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയത്തിന് പിന്നാലെ പിവി അൻവറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ കൂടുതൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. പിവി അൻവറിന്‍രെ പ്രവേശനം ചര്‍ച്ച ചെയ്യുമെന്ന് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അൻവറിനെ ഞങ്ങൾ കൂട്ടാത്തതല്ലെന്നും സ്വയം അകന്നുപോയതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവറിന്‍റെ വ്യക്തതയില്ലായ്മയും ക്ലിപ്തത ഇല്ലായ്മയും കാരണമായി. അൻവറിന്‍റെ പ്രവേശനം ചർച്ച ചെയ്യുമെന്നും തെരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇന്നലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിച്ചതിന് പിന്നാലെ അൻവറിന്‍റെ വാതിൽ അടച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. വാതിൽ പണിയുന്നവര്‍ താക്കോൽ വെക്കുന്നത് വേണമെങ്കിൽ അടക്കാനും തുറക്കാനുമാണെന്നായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. അൻവറിന്‍റെ മുന്നണി പ്രവേശനം തള്ളാതെയാണ് ഇന്നും സണ്ണി ജോസഫ് പ്രതികരിച്ചത്.
അതേസമയം, അൻവര്‍ വിഷയത്തിൽ ഇന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അൻവര്‍ വിഷയത്തിലെ ചോദ്യങ്ങളോട് നോ കമന്‍റ്സ് എന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം. ശശി തരൂരിന്‍റെ മോദി പുകഴ്ത്തലിൽ പാര്‍ട്ടി ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും ശശി തരൂര്‍ മുതിര്‍ന്ന നേതാവാണെന്നും താൻ പ്രതികരണത്തിനില്ലെന്നും വിഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫിന് വോട്ട് ചെയ്തത് വര്‍ഗീയ വാദികളെന്നാണ് എൽഡിഎഫ് വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വര്‍ഗീയവാദികളാണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. ഇടത്തെ കൈ പിഡിപിയുടെ തോളിലും വലത്തെ കൈ ആസാമിയുടെ തോളിലുമായിരുന്നുവെന്ന് സ്വരാജ് ഓര്‍ക്കണം. വർഗീയ വാദികളും തീവ്രവാദികളുമാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് പറഞ്ഞു നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.