
തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഇതാണോ സർക്കാരിൻ്റെയും, മുഖ്യമന്ത്രിയുടെയും ധാർമ്മികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോൻ രംഗത്തുവരികയിരുന്നു. മന്ത്രി ക്ഷമ ചോദിക്കാതെ മാധ്യമങ്ങൾക്കുമുന്നിൽ തന്നെ ആക്ഷേപിക്കുന്ന തരത്തിൽ പറഞ്ഞതിനാലുണ്ടായ വൈകാരിക പ്രതികരണം ആയിരുന്നു കഴിഞ്ഞ ദിവസം നടത്തിയത് എന്നാണ് ബിന്ദു മേനോൻ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam