
തിരുവനന്തപുരം: കെപിസിസി (KPCC) നിര്‍ദേശിക്കുകയും എഐസിസി (AICC) അംഗീകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ (tariq anwar). ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ട് പോകും. രാഷ്ട്രീയകാര്യ സമിതി തുടരും. അതിന് ഉപദേശക റോളാണുള്ളത്.
കെപിസിസി എക്‌സിക്യൂട്ടിവ് ആണ് പരമാധികാര സമിതി. ആവശ്യമെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിപുലപ്പെടുത്താം. പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് വിതരണം കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പമാണ് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വന്നത്. യാത്രാവേളയില്‍ സുദീര്‍ഘമായി രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
നേരത്തെ, കെപിസിസി നേതൃത്വത്തിനെതിരെ പരാതിയുമായി ഉമ്മൻ ചാണ്ടി തന്നെ ദില്ലിയിലെത്തിയതിന് പിന്നാലെ ഇടപെടലുകൾ നടത്തിയിരുന്നു. ഹൈക്കമാൻഡ്. പുനസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കമാൻഡ് എന്നാൽ നേതാക്കളെ വിശ്വാസിത്തിൽ എടുക്കണമെന്നും ഒപ്പം നിർത്തി മാറ്റങ്ങൾ നടപ്പാക്കണമെന്നും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അംഗത്വവിതരണം പൂർത്തിയാക്കും വരെ പുന:സംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2022 മാർച്ച് 31നാണ് കോൺഗ്രസിൻ്റെ അംഗത്വവിതരണം പൂർത്തിയാവുക.
ഗ്രൂപ്പുകൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പരാതിയറിയിച്ചിട്ടും പുന:സംഘടനയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയാണ് കെപിസിസി നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. എന്നാൽ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ഒപ്പം നിർത്തേണ്ടത് അനിവാര്യമാണെന്നും കെപിസിസിയെ ഹൈക്കമാൻഡ് ഓർമ്മിപ്പിക്കുന്നു. എല്ലാവരേയും ഒപ്പം നിർത്തി പുനസംഘടനയുമായി മുന്നോട്ട് പോകുക എന്നതാണ് കേന്ദ്ര നേതൃത്വം നൽകുന്ന സന്ദേശം.
തിരുവനന്തപുരത്തെ പ്രമുഖ എ ഗ്രൂപ്പ് നേതാവായ ലത്തീഫിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുള്ള കെപിസിസി ഉത്തരവിന് പിന്നാലെയാണ് ഉമ്മൻചാണ്ടി തന്നെ നേരിട്ട് ദില്ലിയിലെത്തി പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ പരാതി പ്രളയം തന്നെയുണ്ടായി. പാർട്ടിയിൽ സ്വന്തം ആളുകളെ മാത്രം നിലനിർത്താനും മക്കളെ വളർത്തി കൊണ്ടു വരാനും മാത്രമാണ് ഇരുവർക്കും താത്പര്യമെന്നായിരുന്നു പരാതികളിലെ പ്രധാന ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam