
ദില്ലി: കെപിസിസി പുനസംഘടനയ്ക്ക് നിര്‍ദേശിക്കപ്പെട്ട ജംബോ പട്ടിക അംഗീകരിക്കാതെ ഹൈക്കമാന്‍ഡ്. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇത്രയും പേര്‍ ഭാരവാഹികളാവുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് അതൃപ്തി അറിയിച്ചതായാണ് വിവരം. കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതോടെ ജംബോ പട്ടികയുടെ വലിപ്പം കുറയ്ക്കാന്‍ കേരള നേതാക്കള്‍ ദില്ലിയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന. അതേസമയം വിഡി സതീശന്‍,ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ കെപിസിസി ഭാരവാഹിത്വത്തിലേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എഐസിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടാൽ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം ഒഴിയാമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കളല്ല വർക്കിംഗ് പ്രസിഡണ്ടുമാരെ നിയമിച്ചതെന്നും പാർട്ടി വലുതാകുന്നത് കൊണ്ടാണ് ഭാരവാഹി പട്ടികയും വലുതാകുന്നതെന്നും കൊടിക്കുന്നിൽ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം പി ഹൈക്കമാന്റിന് കത്ത് നൽകി. കെപിസിസി പുനസംഘടിപ്പിക്കുമ്പോള്‍ ജംബോ ഭാരവാഹികള്‍ വേണ്ടെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വിഡി സതീശന്‍ എംഎല്‍എയും എപി അനില്‍കുമാര്‍ എംഎല്‍എയും തങ്ങളെ നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
കെ.പി.സി.സി വർക്കിംങ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് വി ഡി സതീശന്‍ എ ഐ സി സി നേതൃത്വത്തെ അറിയിച്ചു
ജംബോ കമ്മിറ്റിയെന്ന ആശയത്തോട് യോജിപ്പില്ലെന്നും ഈ കമ്മിറ്റി നിലവിൽ വന്നാൽ പൊതു ജനമധ്യത്തിൽ അപഹാസ്യരാകുമെന്നും അതിന് താൽപര്യമില്ലെന്നും സതീശൻ വ്യക്തമാക്കി. പട്ടിക വൈകുന്നതിനാലാണ് ജനപ്രതിനിധികൾ ഒഴിയാൻ തീരുമാനിച്ചതെന്ന് പി.സി വിഷ്ണുനാഥ് അറിയിച്ചു. ജംബോ പട്ടികയിൽ പുനപരിശോധന നടക്കുന്നുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam