കെപിസിസി പുന:സംഘടന: കല്ലുകടി തീരാതെ കോൺഗ്രസ്; പരാതിയുമായി മുല്ലപ്പള്ളിയും സുധീരനും

By Web TeamFirst Published Oct 11, 2021, 11:10 AM IST
Highlights

പുനസംഘടനാ പട്ടികയിൽ മുതിർന്ന നേതാക്കള്‍ തൃപ്തരാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക (KPCC) ഇന്ന് പുറത്തുവരാനിരിക്കെ പട്ടികയ്ക്ക് എതിരെ പരാതിയുമായി മുൻ അധ്യക്ഷന്മാരായ മുല്ലപ്പള്ളിയും വിഎം സുധീരനും രംഗത്ത്. പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായുള്ള ചർച്ചകള്‍ പൂർത്തിയായെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (Opposition Leader  VD Satheesan) വ്യക്തമാക്കിയിരുന്നു. എന്നാൽ പട്ടികയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്.

പുനസംഘടനാ പട്ടികയിൽ മുതിർന്ന നേതാക്കള്‍ തൃപ്തരാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.  അന്തിമ ചര്‍ച്ചകൾക്ക് ശേഷം ഭാരവാഹി പട്ടിക കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ (KPCC President K Sudhakaran) ഇന്ന് തന്നെ ഹൈക്കമാന്‍റിന് (Congress High Command) കൈമാറിയേക്കും. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് വിവരം.

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചർച്ചകള്‍ നേതൃത്വം പൂർത്തിയാക്കിയതെന്ന് ഇതുവരെ ആശ്വസിച്ചിരുന്ന നേതാക്കൾക്ക് തിരിച്ചടിയാവുകയാണ് മുല്ലപ്പള്ളിയുടെയും സുധീരന്റെയും എതിർപ്പ്. ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ,  വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകും.

പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. എറണാകുളത്ത് നിന്നുള്ള ജമാൽ മണക്കാടന്റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികള്‍ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കെ സുധാകരനും വിഡി സതീശനും നാല് തവണ ചർച്ച നടത്തിയിരുന്നു. വിഡി സതീശൻ കേരളത്തിലേക്ക് മടങ്ങിയെങ്കിലും കെ സുധാകരൻ ദില്ലിയില്‍ തുടരുന്നുണ്ട്. പട്ടിക ഹൈക്കമാന്റിന് കൈമാറിക്കഴിഞ്ഞാൽ പ്രഖ്യാപനവും ഉടൻ തന്നെയുണ്ടാകും.

click me!