തെരഞ്ഞെടുപ്പിൽ കാലുവാരിയവർക്കെതിരെ കെപിസിസിയിൽ കൂട്ടനടപടി, 97 പേർക്ക് കാരണംകാണിക്കൽ നോട്ടീസ്

By Web TeamFirst Published Oct 8, 2021, 7:37 PM IST
Highlights

ചരിത്രത്തിലാധ്യമായാണ് ഇത്രയധികം പേർക്കെതിരെ കോൺഗ്രസ് നോട്ടീസ് നൽകുന്നത്.  58 പേരെക്കുറിച്ച് പ്രത്യേകം പരിശോധിക്കുകയാണെന്നും കെപിസിസി വ്യക്തമാക്കി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കാലുവാരിയവർക്കെതിരെ  കെപിസിസിയിൽ കൂട്ടനടപടി. 97 പേർക്ക് കെപിസിസി അധ്യക്ഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ചരിത്രത്തിലാധ്യമായാണ് ഇത്രയധികം പേർക്കെതിരെ കോൺഗ്രസ് നോട്ടീസ് നൽകുന്നത്.  58 പേരെക്കുറിച്ച് പ്രത്യേകം പരിശോധിക്കുകയാണെന്നും കെപിസിസി വ്യക്തമാക്കി.

അച്ചടക്കലംഘനത്തിന് വീട്ടുവീഴ്ചയില്ലെന്ന വ്യക്തമാക്കി ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് കെപിസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച അന്വേഷണസമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി തുടങ്ങുന്നത്.

97 പേർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇവരുടെ പേരുകളൊന്നും ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. മുതിർന്ന നേതാക്കളടക്കം ഉണ്ടെന്നാണ് വിവരം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ 58 പേർക്കെതിരായ പരാതി പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചു.  

യുഡിഎഫ് സ്ഥാനാർത്ഥികളെ കാലുവാരിയവർക്കെതിരെ ശക്തമായ നടപടി ഘടകക്ഷികളും എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നടപടി . ഘടകകക്ഷികൾ മത്സരിച്ച ചവറ കുന്നത്തൂർ ഇടുക്കി അഴീക്കോട് മണ്ഡലങ്ങളിലേയും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാതി ഉന്നയിച്ച കായകുളം അടൂർ പീരുമേട് തൃശൂർ ബാലുശ്ശേരി മണ്ഡലങ്ങളിലേയും തോൽവികൾ പ്രത്യേകം പരിശോധിക്കും.

ഇതിനായി മുൻ എംഎൽഎ കെ മോഹൻകുമാറിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. സംഘടനാചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവിയിലും പരിഗണിക്കില്ലെന്നും നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്ന പതിവ് ശൈലിയും അനുവദിക്കില്ലെന്നാണ് പ്രസിഡന്റന്റെ മുന്നറിയിപ്പ്. 

click me!