'7,000 മരണങ്ങള്‍ കൂടി കൊവിഡ് മരണപ്പട്ടികയില്‍ ചേര്‍ക്കും, പരാതികൾ പരിശോധിക്കും': മന്ത്രി വീണാ ജോര്‍ജ്

By Web TeamFirst Published Oct 8, 2021, 5:44 PM IST
Highlights

അതിന് മുമ്പുള്ള മരണങ്ങളില്‍ രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണ് ഇത്. ഇനിയും പരാതികളുണ്ടെങ്കില്‍ പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (covid 19) മരണ പട്ടികയില്‍ (covid death list) ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (veena george). ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുമ്പുള്ള മരണങ്ങളില്‍ രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളുണ്ട് ഇത്തരത്തിൽ സംഭവിച്ച  ഏഴായിരത്തോളം മരണങ്ങളാണ് കൊവിഡ് മരണ പ്പട്ടികയിൽ ചേർക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇനിയും പരാതികളുണ്ടെങ്കില്‍ പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കൊവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പി.എച്ച്.സി.കള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. 

സമയബന്ധിതമായി സുതാര്യമായി തന്നെ പരാതികള്‍ തീര്‍പ്പാക്കും. സിറോ പ്രിവിലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാകും. സംസ്ഥാനം സ്വയം തീരുമാനിക്കുകയും സ്വയം നടത്തുകയും ചെയ്‌തൊരു പഠനമാണിത്. ഐസിഎംആറിന്റെ ഗൈഡ് ലൈന്‍ അനുസരിച്ചാണ് പഠനം നടത്തിയതെന്നും മന്ത്രി അറിയിച്ചു. 

 

 

click me!