കേരളം ഉറ്റുനോക്കിയ കിഴക്കമ്പലം തദ്ദേശ തെരഞ്ഞെടുപ്പിൽ, നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ മിനി രതീഷിനെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജനകീയ മുന്നണി സ്ഥാനാർത്ഥി ഷിബി ടീച്ചർ അട്ടിമറി വിജയം നേടി. 

കൊച്ചി: ഇത്തവണയും രാഷ്ട്രീയ പോരുകളിലൂടെ കേരള ശ്രദ്ധ നേടിയ നേടിയ പ‍ഞ്ചായത്താണ് കിഴക്കമ്പലം. കേരളം ഉറ്റു നോക്കിയ കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ 21ൽ 7 വാർഡിൽ ട്വന്റി 20ക്ക് ഭരണം നഷ്ടമായപ്പോൾ ഏറ്റവും ശ്രദ്ധേയമായത് നിലവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ തോൽവിയാണ്. 20 വോട്ടുകൾക്കാണ് ചൂരക്കോട് വെസറ്റ് വാർഡിലെ ജനകീയ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ഷിബി ടീച്ചർ, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മിനി രതീഷിനെതിരെ വിജയിച്ചത്. കിഴക്കമ്പലം പ‍ഞ്ചായത്തിനെ സംബന്ധിച്ച് ട്വന്റി 20ക്ക് എതിരെ നിന്ന് വിജയിക്കുകയെന്നത് നിസ്സാരമല്ല. ഒരു വോട്ടിന്റെ ഭൂരിപക്ഷം പോലും തങ്ങളെ സംബന്ധിച്ച് വൻ വിജയമാണെന്നും ഷിബി പറയുന്നു.

കഴിഞ്ഞ രണ്ട് ടേമുകളായി മിനി രതീഷായിരുന്നു വാർഡിന്റെ പ്രതിനിധി. പ്രസിഡന്റ് എന്ന നിലയിൽ അവർ അത്ര ജനപ്രീതി നേടിയില്ല. ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് തുറക്കാത്തതും ജനവികാരവും തങ്ങൾക്ക് അനുകൂലമായെന്ന് ഷിബി ടീച്ചർ കൂട്ടിച്ചേർത്തു. കിഴക്കമ്പലം പ‍ഞ്ചായത്തിലെ ഏറ്റവും വലിയ വാർഡ് കൂടിയാണിത്. 2100ഓളം ഏറെ വോട്ടുകളുളള വാർഡിൽ എട്ട് ദിവസം കൊണ്ടാണ് വീടുകൾ കേറിയിറങ്ങിയുളള പ്രചരണം പൂർത്തിയാക്കിയതും.

ട്വന്റി 20ക്ക് എതിരെ ജനിവികാരം ശക്തമാണെങ്കിലും അവയെല്ലാം സാബു എം ജേക്കബിന്റെ നേതൃത്വത്തിലുളള ട്വന്റി 20 പണം നൽകി ഒതുക്കിയെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പത്തൊൻപതാം വാർഡിൽ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുമായ സജി പോൾ ആരോപിക്കുന്നു. കാശിന്റെ ബലത്തിൽ ഓഫറുകൾ ഒരുപാട് നൽകിയെങ്കിലും ഇത്തവണത്തെ തങ്ങളുടെ വിജയം ട്വന്റി 20യുടെ അവസാനത്തിന്റെ ആരംഭമാണിതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം ഒരു സീറ്റാണ് ട്വന്റി 20ക്ക് നഷ്ടമായതെങ്കിൽ ഈ വർഷമത് ഏഴായി ഉയർന്നു. ഈ ആത്മവിശ്വാസത്തിൽ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി അടുത്ത തെര‍ഞ്ഞെടുപ്പിൽ ഭരണം തിരികെ പിടിക്കാനുളള ശ്രമത്തിലാമ് മറ്റ് മുന്നണികൾ.