
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞത്. ആ പരാതി തനിക്ക് കിട്ടിയ സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയിരുന്നു. ആര്‍ക്കാണ് അയക്കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായിട്ട് അറിയാം. എന്നാൽ, തനിക്കാണ് പരാതി അയച്ചത്. പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻ എന്നാണ് താൻ പറഞ്ഞതെന്നും അത് രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിലെ ഇരിട്ടിയിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സംശയം ഉന്നയിച്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണത്തിൽ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ഇതിലും വലിയ പരാതികള്‍ ഇനിയും പുറത്തുവരാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ അത് പൊതുജനം തള്ളിക്കളയുമെന്നും പരാതികളിൽ ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്നും പിണറായി വിജയൻ തുറന്നടിച്ചു.
അതേസമയം, കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്‍റെ ആരോപണത്തിൽ മറുപടിയുമായി രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളും രംഗത്തെത്തി. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി വീമ്പുപറയുന്നതെന്നും സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ മറുപടി അന്തസില്ലാത്തതാണെന്ന് എപി അനിൽകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് യോജിച്ച പരാമര്‍ശമല്ല. മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണം. മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയെപ്പോലെ സംസാരിക്കരുതെന്നും എപി അനിൽകുമാര്‍ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തന്‍റെ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പുനർവിചിന്തനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതൽ പ്രതികരണം തെരഞ്ഞെടുപ്പിനു ശേഷം നടത്തുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തല്ല ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു. . യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന ഭരണമാണ് ജനം വിലയിരുത്തിയത്. സർക്കാരിനെതിരായ നിഷേധ വോട്ട് ആണ് നടക്കുന്നത്. സർക്കാരിന് മികച്ചത് ഒന്നും പറയാനില്ല. അതാണ് ലൈംഗിക വിവാദങ്ങൾക്ക് പിറകെ പോകുന്നത്. രാഹുൽ മനക്കൂട്ടത്തിലിനെതിരെ കോൺഗ്രസ് മികച്ച നടപടി എടുത്തു. മന്ത്രിസഭയിൽ വരെ സ്ത്രീ പീഡകരെ വെച്ചാണ് പിണറായി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അടൂര്‍ പ്രകാശ് ദിലീപിനെ അനകൂലിച്ച് പ്രസ്താവന നടത്തിയത് അനവസരത്തിലുള്ളതാണെന്നും അത് നേതൃത്വം ഇടപെട്ട് തിരുത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam