
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ കിടക്കുമ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം വിനോദസഞ്ചാര ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനം വ്യാപകം. ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവരാണ് ബല്‍റാമിന്റെ ഫോട്ടോയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പ്രവര്‍ത്തകരുടെ കമന്റുകളില്‍ ബല്‍റാം മറുപടി നല്‍കിയതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 'നമ്മുടെ മുത്ത് അകത്താണ്..ശ്രദ്ധിക്കുക..' എന്ന ജോബി ജോബിന്‍ ജോസഫ് എന്ന പ്രൊഫൈലില്‍ നിന്നുള്ള കമന്റിനാണ് ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്. 'പോസ്റ്റ് ചെയ്തിരിക്കുന്നത് പഴയ ഫോട്ടോസ് ആണ് 'എന്നാണ് ബല്‍റാമിന്റെ മറുപടി. വിമര്‍ശനം തുടര്‍ന്നതോടെ ബല്‍റാം ഫോട്ടോ ഹിസ്റ്ററി എഡിറ്റ് ചെയ്യുകയും ചെയ്തു. Friends, Mountains, Nature Vibes എന്നത് Friends, Mountains, Nature Vibes (Photos taken a few days back) എന്നാണ് ബല്‍റാം മാറ്റിയത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 'സമരജ്വാല' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായാണ് നേതാക്കള്‍ പറഞ്ഞത്.
നവകേരള സദസിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും അടിച്ചൊതുക്കുന്നു എന്ന് ആരോപിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിലാണ് രാഹുലിനെ അറസ്റ്റ്് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്ന് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം വ്യാപക ആക്രമത്തിലാണ് കലാശിച്ചത്. പൊലീസിന് നേരെ വ്യാപക കല്ലേറ് പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. അനുമതിയില്ലാത്ത സമരം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യ നിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ രാഹുലിനെതിരെ ചുമത്തിയിട്ടുളളത്. കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. കേസില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, എം വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്.
രാഹുലിന്റെ അറസ്റ്റില്‍ ഒരു പ്രത്യേകതയുമില്ലെന്നും എല്ലാ കേസിലും നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചകിലം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്താല്‍ ആരായാലും അറസ്റ്റ് ചെയ്യും. അതില്‍ രാഷ്ട്രീയം നോക്കില്ല. അറസ്റ്റ് ധൃതിയിലായിരുന്നില്ല. തെളിവു ശേഖരിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും കമീഷണര്‍ പറഞ്ഞിരുന്നു.
'ഒരു കോടി ശമ്പളം, രണ്ടര ലക്ഷം വേണം'; മലയാളി ഭര്‍ത്താവിനോടുള്ള സുചനയുടെ ആവശ്യങ്ങള്‍ ഇങ്ങനെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam