ഗാര്‍ഹിക പീഡനം, കുഞ്ഞിനെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വെങ്കട്ടരാമനെതിരെ സുചന കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ബംഗളൂരു: വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും വിവാഹമോചന കേസിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു, ഗോവയില്‍ നാലു വയസുകാരന്‍ കുഞ്ഞിനെ കൊന്നക്കേസിലെ പ്രതി സുചനയും ഭര്‍ത്താവ് വെങ്കട്ടരാമനും. വിവാഹമോചന പോരാട്ടത്തിനിടെ മലയാളി കൂടിയായ ഭര്‍ത്താവിനെതിരെ കടുത്ത ആവശ്യങ്ങളാണ് സുചന മുന്നോട്ട് വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെങ്കട്ടരാമന് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുണ്ടെന്നും അതില്‍ മകനെ നോക്കുന്നതിനായി പ്രതിമാസം രണ്ടര ലക്ഷം രൂപ ജീവനാംശം വേണമെന്ന് സുചന ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാര്‍ഹിക പീഡനം, കുഞ്ഞിനെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വെങ്കട്ടരാമനെതിരെ സുചന കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ഗാര്‍ഹിക പീഡനം അടക്കം നേരിട്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും സുചന കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുചനയുടെ വീട്ടില്‍ പ്രവേശിക്കുന്നതിനും അവരുമായും കുട്ടിയുമായും ആശയവിനിമയം നടത്തുന്നതിനും വെങ്കട്ടരാമനെ കോടതി വിലക്കിയിരുന്നു. എല്ലാ ഞായറാഴ്ചയും കുഞ്ഞിനെ കാണാന്‍ അവസരമൊരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയിലാണ് കുഞ്ഞിനെ സുചന കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

2010 നവംബറിലാണ് സുചനയും വെങ്കട്ടരാമനും വിവാഹിതരായത്. 2019 ഓഗസ്റ്റിലാണ് മകന്‍ ജനിച്ചത്. 2021 മാര്‍ച്ച് മുതല്‍ താന്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് സുചന കോടതിയെ അറിയിച്ചത്.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ നിഷേധിച്ച് വെങ്കട്ടരാമന്‍ രംഗത്തെത്തി. അടിസ്ഥാനരഹിതമാണ് ആരോപണങ്ങളെന്നാണ് വെങ്കട്ടരാമന്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് വെങ്കട്ടരാമനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം താന്‍ ഹാജരാകാമെന്ന് വെങ്കട്ടരാമന്‍ അന്വേഷണഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. നാലു വയസുകാരന്‍ കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്നലെ ബംഗളൂരുവില്‍ കഴിഞ്ഞിരുന്നു.

'നിര്‍ണായകം, അപകടവും ഗതാഗതക്കുരുക്കും, അല്ലെങ്കില്‍ മൃതദേഹം കിട്ടില്ല'; സുചന കുടുങ്ങിയത് ഇങ്ങനെ

YouTube video player