K R Narayanan Film Institute strike: വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ തിരികെ കയറ്റാമെന്ന് ഡയറക്ടര്‍

By Web TeamFirst Published Jan 7, 2022, 2:06 PM IST
Highlights


പ്രക്ടിക്കല്‍ ക്ലാസില്‍ ഹാജരില്ലാത്തതിനാല്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ വീണ്ടും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിക്കാമെന്ന് ഡയറക്ടര്‍. എന്നാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസാരംഭിക്കമെന്ന് ആവശ്യപ്പെട്ടതിന് മാപ്പെഴുതി നല്‍കില്ലെന്നും സമരം ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥികളും പറയുന്നു.


കോട്ടയം:  കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (KR Narayanan film Institute) നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാപ്പെഴുതി തന്നാല്‍ തിരികെ കയറ്റാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. കൊവിഡിനെ തുടര്‍ന്ന് 16 മാസത്തോളം സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രക്റ്റിക്കല്‍ ക്ലാസുകള്‍ ഓശാനാ മൌണ്ടിലെ സ്വകാര്യ കെട്ടിടത്തില്‍ വച്ച് നടത്തിയപ്പോള്‍ ഹാജരാകാതിരുന്ന നാല് വിദ്യാര്‍ത്ഥികളെ, ക്ലാസില്‍  'ഹാജരില്ലെന്ന്' പറഞ്ഞ് പുറത്താക്കിയിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കവേയാണ് വിദ്യാര്‍ത്ഥികള്‍ മാപ്പെഴുതി ഒപ്പിട്ട് തന്നാല്‍ തിരികെ കയറ്റാമെന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ (Shankar Mohan) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. 

അതോടൊപ്പം ഒന്നാം സെമസ്റ്ററിലെ പ്രക്ടിക്കല്‍ ക്ലാസിന് ചെലവാകുന്ന തുക ഈ നാല് പേരും സ്വന്തം നിലയില്‍ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് രോഗികള്‍ കുറഞ്ഞപ്പോള്‍ സിഎഫ്എല്‍ടിസി ക്യാംപസ് വിട്ടുതന്നു. അലകുന്ന് പഞ്ചായത്തും ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പരിശോധനയില്‍ 24 ലക്ഷം രൂപയാണ് മെന്‍റനന്‍സ് ചെലവ് കണ്ടെത്തിയത്. അത് പോലെ വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ ഓശാനാ മൌണ്ടിലെത്തിക്കാന്‍ മാത്രം ഒന്നരലക്ഷം രൂപ ചെലവായി.  ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇപ്പോള്‍ തന്നെ വലിയ ബാധ്യത വന്നിരിക്കുകയാണ്. അത് കൂടാതെ ഇനി നാല് കുട്ടികള്‍ക്ക് മാത്രമായി വീണ്ടും പ്രക്ടിക്കല്‍ ക്ലാസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ചെലവുകള്‍ അവര്‍ തന്നെ ഏറ്റെടുക്കേണ്ടതാണ്. ഈ തീരുമാനം സ്വന്തം തീരുമാനമല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് അക്കാദമിക്ക് ബോഡികളായ എക്സിക്യൂട്ടീവ് കൌണ്‍സില്‍, അക്കാദമിക്ക് കൌണ്‍സില്‍, അക്കാദമിക്ക് കമ്മറ്റി എന്നീ മൂന്ന് കമ്മറ്റികളും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണനും അക്കാദമിക്ക് കൌണ്‍സിലിന്‍റെ ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളിയുടെയും അംഗീകാരത്തോടെയാണ് തീരുമാനം എടുത്തിരിക്കുന്നത്. അല്ലാതെ ഇത് തന്‍റെ മാത്രം തീരുമാനമല്ലെന്നും കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.  

എന്നാല്‍, മാപ്പെഴുതി കൊടുത്ത് തിരികെ കയറാന്‍ ഇല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിക്കും വരെ സമരം തുടരുമെന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളായ ഹരിപ്രസാദ്  ( സംവിധാനം, തിരക്കഥ), ബിബിൻ സി ജെ ( ക്യാമറ),  ബോബി നിക്കോളാസ് ( എഡിറ്റിങ്ങ്), മഹേഷ്‌ ( ശബ്ദമിശ്രണം) എന്നീ വിദ്യാര്‍ത്ഥികളും പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രാക്റ്റിക്കല്‍ ക്ലാസിന്‍റെ ചെലവുകള്‍ വഹിക്കേണ്ടത്. ക്യാമ്പസില്‍ ക്ലാസ് നടത്താന്‍ സാധ്യമായിട്ടും അത് ചെയ്യാതെ സ്വകാര്യ കെട്ടിടത്തില്‍ അധിക വാടക കൊടുത്താണ് പ്രക്ടിക്കല്‍ ക്ലാസുകള്‍ നടത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ക്ലാസിന് ഹാജരാകാതിരുന്നതെന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഓശാന മൌണ്ടില്‍ വച്ച് നടത്തിയ പ്രക്ടിക്കല്‍ ക്ലാസുകള്‍ പ്രഹസനമായിരുന്നെന്ന് ക്ലാസില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.  2019 ല്‍ തുടങ്ങിയ കോഴ്സിന് അഞ്ച് ഡിപ്പാര്‍ട്ട്മെന്‍റിലും കൂടി 35 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേര്‍ ഇടയ്ക്ക് കോഴ്സ് നിര്‍ത്തിപ്പോയി. ബാക്കിയുള്ളവരില്‍ നാല് പേരൊഴികെ 28 വിദ്യാര്‍ത്ഥികള്‍ ഓശാന മൌണ്ടിലെ പ്രക്ടിക്കല്‍ ക്ലാസിനെത്തിയിരുന്നു. അവിടെ വളരെ പരിമിതമായ സാഹചര്യത്തിലായിരുന്നു ക്ലാസുകള്‍ നടത്തിയത്. ഫാക്കല്‍റ്റികള്‍ പോലും ക്ലാസെടുക്കാന്‍ കൃത്യമായെത്തിയിരുന്നില്ല.  പ്രക്ടിക്കല്‍ ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍ റിവ്യൂ ചെയ്യണം. എന്നാല്‍, ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനൊഴികെ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ഒരു ഫാക്കല്‍റ്റി പോലും റിവ്യൂവിന് എത്തിയിരുന്നില്ല. 

ഇത്തരം കാര്യങ്ങളെ കുറിച്ച് ചോദിച്ചാല്‍ അതിന് ഡയറക്ടര്‍ക്ക് മറുപടിയില്ല. അത് മാത്രമല്ല, ഉപകരണങ്ങള്‍ പലതും പരിമിതമായ സാഹചര്യത്തിലാണ് ഉപയോഗിക്കപ്പെട്ടത്. താമസിക്കുന്ന മുറിയുടെ വരാന്തയില്‍ ട്രാക്കുകള്‍ അടക്കമുള്ളവ സ്ഥാപിച്ചാണ് കുട്ടികള്‍ പ്രജക്റ്റുകള്‍ ചെയ്തത്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങള്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പ്രക്ടിക്കല്‍ ക്ലാസിനെത്തിയവര്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ ഡയറക്ടര്‍ അവകാശപ്പെടുന്നതെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പുറത്താക്കപ്പെട്ട നാല് വിദ്യാര്‍ത്ഥികളുടെയും തീരുമാനം ശരിയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ധൃതിപിടിച്ച് കോഴ്സ് തീര്‍ക്കാനുള്ള ശ്രമത്തിലാണ്. പേരിന് ക്ലാസുകള്‍ നടത്തി സെമസ്റ്റര്‍ അവസാനിപ്പിക്കാനാണ് ശ്രമം. ഇത് അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിക്കണമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

 

കൂടുതല്‍ വായനയ്ക്ക്:  K R Narayanan Film Institute strike: ഹാജരില്ല; നാല് വിദ്യാര്‍ത്ഥികളെ 'പുറത്താക്കി' ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

 

click me!