Asianet News MalayalamAsianet News Malayalam

K R Narayanan Film Institute strike: ഹാജരില്ല; നാല് വിദ്യാര്‍ത്ഥികളെ 'പുറത്താക്കി' ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്


കോളേജ് കെട്ടിടമിരിക്കെ സ്വകാര്യ കെട്ടിടത്തില്‍ വാടക കൊടുത്ത് ക്ലാസുകള്‍ സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്ത നാല് വിദ്യാര്‍ത്ഥികളെ, കൊവിഡ് കാലത്ത് ഹാജരില്ലെന്ന പേരിലാണ് പുറത്താക്കിയതെന്ന് സമരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 
 

K R Narayanan Film Institute dismiss four students during covid time
Author
Thiruvananthapuram, First Published Jan 6, 2022, 1:06 PM IST


കോട്ടയം: സ്വന്തം സ്ഥാപനം ഇരിക്കെ, വാടക കെട്ടിടത്തില്‍ പഠനം നടത്തുന്നതില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (K R Narayanan Film Institute)  നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തില്‍. 2019 ല്‍ ആരംഭിച്ച കോഴ്സില്‍ നിന്നുള്ള ഹരിപ്രസാദ്  ( സംവിധാനം, തിരക്കഥ), ബിബിൻ സി ജെ ( ക്യാമറ),  ബോബി നിക്കോളാസ് ( എഡിറ്റിങ്ങ്), മഹേഷ്‌ ( ശബ്ദമിശ്രണം) എന്നീ നാല് വിദ്യാര്‍ത്ഥികളെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയത്. നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇന്നലെ മുതല്‍ കോളേജില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു,  

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോളേജ് അടച്ചതോടെ, കോളേജ് കെട്ടിടം കൊവിഡ് ചികിത്സയ്ക്കായുള്ള സിഎഫ്എല്‍ടിസിയായി മാറ്റിയിരുന്നു. ഈ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ തിയറി പഠനം നടന്നു. കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായതോടെ ക്ലാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിനെ തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തയ്യാറായി. എന്നാല്‍, കോളേജില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തിച്ചതിനാല്‍ ശുചികരണ പരിപാടികള്‍ ബാക്കിയുണ്ടെന്നും ക്ലാസുകള്‍ തുടങ്ങാന്‍ താമസമുണ്ടെന്നും അതിനാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ പാലാ ഓശാന മൌണ്ടിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അകലകുന്ന് പഞ്ചായത്തുമായി ബന്ധപ്പെടുകയും പഞ്ചായത്ത് സെപ്റ്റംബര്‍ 18 ന് തന്നെ സിഎഫ്എല്‍ടിസി പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടങ്ങള്‍ വൃത്തിയാക്കി കൈമാറിയിരുന്നെന്ന് അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാതെ എല്ലാ ക്ലാസുകള്‍ വാടക കെട്ടിടത്തിലേക്ക് മാറ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

ഇതേ തുടര്‍ന്ന് പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ ഓശാനാ മൌണ്ടിലല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പ്രാക്റ്റില്‍ ക്ലാസുകള്‍ക്ക് ആവശ്യമായി ഉപകരണങ്ങളെല്ലാം കോളേജിലിരിക്കുമ്പോള്‍ പരിമിതമായ ഉപകണങ്ങളില്‍ വാടക കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിച്ച നടപടി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രക്ടിക്കല്‍ ക്ലാസില്‍ ഹജരാകാത്ത കുട്ടികളോട് കാരണം തേടുകയും രക്ഷിതാവുമായി കോളേജില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോളേജില്‍ പോകാനും സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കും പ്രാപ്തിയുള്ളവരാണ് വിദ്യാര്‍ത്ഥികളെന്ന് അവരുടെ മാതാപിതാക്കള്‍ നിലപാടെടുത്തതായി പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതോടെ മറ്റ് മുന്നറിയിപ്പുകളൊന്നും കൂടാതെ ജനുവരി മൂന്നാം തിയതി നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയക്കുകയായിരുന്നു. 

പ്രക്റ്റിക്കല്‍ ക്ലാസില്‍ ഹാജരില്ലെന്നായിരുന്നു നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിന് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞ കാരണം. എന്നാല്‍, കൊവിഡ് കാലത്ത് ഹാജര്‍ പ്രധാനമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരമൊരു നടപടിയെടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഓശാനാ മൌണ്ടിലെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തട്ടിക്കൂട്ടായിരുന്നെന്ന് പങ്കെടുത്ത വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. താമസത്തിനായെടുത്ത കെട്ടിടത്തിന്‍റെ വരാന്തയിലും മറ്റും പരിമിതമായ സാഹചര്യങ്ങളിലായിരുന്നു പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ നടന്നിരുന്നത്. കോളേജില്‍ എല്ലാ സൌകര്യങ്ങളുമുള്ളപ്പോഴാണ് ഇത്തരത്തില്‍ കോളേജ് അധികൃതര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജ് 'ബയോബബിളി' (Biobable) ലാണെന്നായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാദം. എന്നാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരുന്ന തൊഴിലാളികളും അധ്യാപകരും മറ്റ് ജീവനക്കാരമെല്ലാം ദിവസവും ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് പോവുകയും തിരിച്ച് വരികയും ചെയ്യുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സസ്പെന്‍ഷനില്‍ നിര്‍ത്തുകയോ മറ്റ് നടപടികള്‍ എടുക്കുകയോ ചെയ്യുന്നതിന് പകരം നേരിട്ട് പുറത്താക്കിയ നടപടി അങ്ങേയറ്റം ഏകപക്ഷീയവും ധിക്കാരപരവുമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മൂന്ന് വര്‍ഷത്തെ കോഴ്സ് അഞ്ച് വര്‍ഷമായും തീരാതെ നില്‍ക്കുന്നതിലും 2019 ല്‍ തുടങ്ങിയ കോഴ്സിന് ഇതുവരെയായി സിലബസ് പോലും തരാത്തെ നീട്ടികൊണ്ട് പോകുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ആവേശം കാണിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

പുറത്താക്കപ്പെട്ട നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചെടുക്കുക, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ രൂപികരിക്കുക, 2019 ബാച്ചിലെ മുഴുവന്‍ സെമെസ്റ്റര്‍ സിലബസും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. എന്നാല്‍, ഇന്ന് സമരത്തിലുള്ള വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച വച്ചിട്ടുണ്ടെന്നും അതിന് ശേഷമേ ഇക്കാര്യത്തിലൊരു അന്തിമ തീരുമാനം അറിയിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും കോളേജ് അധികൃതരും പറയുന്നു. 

Follow Us:
Download App:
  • android
  • ios