'അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? വിവാദം ഒഴിവാക്കാമായിരുന്നു'; ശശി തരൂരിനെ പിന്തുണച്ച് ശബരീനാഥ്

By Web TeamFirst Published Nov 19, 2022, 8:58 PM IST
Highlights

മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പരിപാടിയിലൂചെ ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എന്തിനാണ് ഇത്തരത്തിലൊരു നടപടിയെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

തിരുവനന്തപുരം: കോഴിക്കോട് യൂത്ത് കോൺ​ഗ്രസ് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുൻ എംഎൽഎയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥൻ രം​ഗത്ത്. മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പരിപാടിയിലൂചെ ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എന്തിനാണ് ഇത്തരത്തിലൊരു നടപടിയെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണച്ച നേതാവാണ് ശബരീനാഥൻ.  

'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും.

ഉന്നത നേതാക്കൾ വിലക്കി; ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി

ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്

സംഘപരിവാറും  മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന  പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു. 

മഹാരാഷ്ട്രയുടെ മണ്ണിൽ ഭാരത് ജോടോ യാത്രയുടെ ഭാഗമായി സവർക്കർക്കെതിരെ  ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ  നടപടി ? സമാനമായ ആശയമല്ലേ  ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്...അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.

പിന്നെ,അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.

click me!