
തിരുവനന്തപുരം: സബ്സിഡി തുക നിർത്തലാക്കിയെങ്കിലും കെഎസ്ഇബിക്ക് മുന്നിൽ ഇനിയും കടുത്ത പ്രതിസന്ധി. ഉപഭോക്താക്കളിൽ നിന്ന് പിരിക്കുന്ന വൈദ്യുതി തീരുവ ഇനി സർക്കാരിലേക്ക് അടയ്ക്കണമെന്ന് ഉത്തരവായതോടെ പെൻഷൻ വിതരണവും പ്രതിസന്ധിയിലാകും. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ വൈദ്യുതി നിരക്ക് ഇനിയും വർദ്ധിപ്പിക്കേണ്ടി വരുമോ എന്നും ആശങ്ക ബാക്കി.
മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് കഴിഞ്ഞ ദിവസം കെഎസ്ഇബി പിൻവലിച്ചത്. എല്ലാ മാസവും ഉപഭോക്താക്കളിൽ നിന്ന് പിരിക്കുന്ന നിശ്ചിത വൈദ്യുതി തീരുവ , കരുതൽ നിക്ഷേപത്തിലേക്ക് മാറ്റി, ഇതിൽ നിന്നാണ സബ്സിഡി നൽകിയിരുന്നത്. പ്രതിവർഷം 950 കോടിക്ക് അടുത്താണ് ഈ കരുതൽ നിക്ഷേപം. പെൻഷൻ വിതരണത്തിൽ സർക്കാർ പങ്കായ 33 ശതമാനവും ഈ കരുതൽ ഫണ്ടിൽ നിന്ന് തന്നെ.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത മാസം മുതൽ വൈദ്യുതി തീരുവ സർക്കാരിന് കൈമാറണം എന്ന് വൈദ്യുതി വകുപ്പ് ഉത്തരവിട്ടിരുന്നു. വൈദ്യുതി തീരുവയിൽ ഒരു ശതമാനം മാത്രമാണ് ഇനി കെഎസ്ഇബിക്ക് കിട്ടുക. ഇതാണ് സബ്‌സിഡി പിൻവലിക്കാനുള്ള കാരണം. അപ്പോഴും പെൻഷൻ വിതരണം അവതാളത്തിലാകുമോ എന്ന ആശങ്ക ബാക്കി. സർക്കാർ പങ്കായ 33 ശതമാനം ഇനി ഏങ്ങനെ കിട്ടുമെന്നതിൽ കൃത്യമായ ഉത്തരമില്ല. ഈ ചെലവുകൾ മറികടക്കാൻ നിരക്ക് വർധിപ്പിക്കേണ്ടി വരുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്ന ഇനത്തിൽ 10 കോടി ദിവസവും കെഎസ്ഇബിക്ക് നഷ്ടമുണ്ട്. ഈ നഷ്ടവും വൈദ്യതി നിരക്ക് വർധനയിലൂടെയേ നികത്താനാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam