
തിരുവനന്തപുരം: തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്ന് സോളാര്‍ പാനൽ സ്ഥാപിച്ച ഉപഭോക്താക്കള്‍. നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്നും അധികമായ പിടിച്ച പണം പലിശ സഹിതം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പുരപ്പുറ സോളാര്‍ ഉത്പാദകരായ ആറു പേര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു.
ആദ്യം പുരപ്പുറ സോളാര്‍ പദ്ധതിയെ പ്രോത്സാഹിപ്പിച്ച കെഎസ്ഇബി ഇപ്പോള്‍ പദ്ധതി ബാധ്യതയാണെന്ന നിലപാട് എടുക്കുകയാണ്. പുനുരപയോഗ ഊര്‍ജ്ജത്തിന് റഗുലേറ്ററി കമ്മീഷൻ ഇറക്കിയ കരട് ചട്ടങ്ങളെ സോളാര്‍ പാനൽ സ്ഥാപിച്ചവര്‍ എതിര്‍ക്കുമ്പോഴാണ് കെഎസ്ഇബി ഈ നിലപാട് എടുത്തത്. ഇതിനിടെയാണ് വൈദ്യുതി നിയമവും റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് ചട്ടങ്ങളും ലംഘിച്ച് കെഎസ്ഇബി ഫിക്സഡ് ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന സോളാര്‍ പാനൽ സ്ഥാപിച്ചവര്‍ പരാതി നൽകിയത്. തങ്ങള്‍ സ്വന്തം ചെലവിൽ വച്ച സോളാര്‍ പാനലിൽ ഉത്പാദിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ്ജായി പണം ഈടാക്കുന്നുവെന്നാണ് പരാതി. 2022 വരെ കെഎസ്ഇബിയിൽ നിന്ന് വാങ്ങിയിരുന്ന വൈദ്യുതിക്ക് മാത്രമായിരുന്നു ഫിക്സഡ് ചാര്‍ജ്ജ്.
നിയമ വിരുദ്ധമായി പിരിച്ച ഫിക്സഡ് ചാര്‍ജ്ജ് പിഴപ്പലിശ സഹിതം മടക്കി നൽകാൻ ഉത്തരവാണ് റഗുലേറ്ററി കമ്മീഷനെ സമീപിച്ച ആറു പേര്‍ ആവശ്യപ്പെടുന്നത്. കെഎസ്ഇബിയിൽ നിന്ന് വാങ്ങുന്ന വൈദ്യുതി വളരെ കുറവായതിനാൽ സെക്യുരിറ്റി ഡെപ്പോസിറ്റ് തുക കാര്യമായി കുറയ്ക്കണമെന്നും അപേക്ഷിയിലുണ്ട്. പ്രീ പെയ്ഡ് മീറ്റര്‍ സംവിധാനമുണ്ടെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല. ഇത് ഏര്‍പ്പെടുത്താത്തത് കെഎസ്ഇബിയുടെ വീഴ്ചയാണെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. ഈ മാസം 27ന് റഗുലേറ്ററി കമ്മീഷൻ വാദം കേള്‍ക്കും.