
മലപ്പുറം: വൈദ്യതി ബില്ല് കുടിശ്ശിക വരുത്തിയതിന് കെഎസ്ഇബി സ്കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മലപ്പുറം പറപ്പൂർ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികളാണ് ദുരിതത്തിലായത്.
പറപ്പൂർ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പിടിഎ ഭാരവാഹികൾ ആരോപിക്കുന്നത്. കഴിഞ്ഞ മാസത്തെ ബിൽ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്കൂളിന്റെ പക്കൽ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അധ്യാപക - രക്ഷാകർതൃ സമിതി ആരോപിക്കുന്നു. വർഷങ്ങളായി പഞ്ചായത്തും സ്കൂളും തമ്മിൽ പല വിഷയത്തിലും തർക്കമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയവും പകപോക്കലാണെന്ന് പിടിഎ ആരോപിക്കുന്നത്. ആറ് വർഷം മുൻപ് സ്കൂളിൽ അങ്കൺവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ ശീതയുദ്ധത്തിലേക്ക് എത്തിയത്.
എന്നാൽ സ്കൂളിന് നൽകാനുള്ള പണം മുഴുവൻ നൽകിയെന്നാണ് പഞ്ചായത്ത് ഭരണകൂടം പറയുന്നത്. കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ച സാഹചര്യമറിയില്ലെന്നും ഇവർ പറഞ്ഞു. ഡിവൈഎഫ്ഐ സ്കൂളിൽ വെള്ളം എത്തിച്ച് ഈ പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടിട്ടുണ്ട്. വലിയ കഷ്ടപ്പാടിലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.