
തിരുവനന്തപുരം : മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി നാളത്തേക്ക് മാറ്റിവച്ചത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം.
മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലായിരുന്നു സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധമായതൊന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് മന്ത്രിസഭയിലേക്ക് സജിക്ക് മടക്കത്തിന് സാധ്യത തെളിഞ്ഞത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിൻറെ ഉപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാറിനായിരിക്കുമെന്നാണ് ഗവർണ്ണർ മുഖ്യമന്ത്രിയെ അറിയിച്ചത്. ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്-സാംസ്ക്കാരികം-സിനിമ-യുവജനക്ഷേമ വകുപ്പുകളായിരിക്കും സജിക്ക് ലഭിക്കുക
'ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് വിശേഷിപ്പിച്ച ആളെ വീണ്ടും മന്ത്രിയാക്കുന്നു, ഗവർണർ മലക്കം മറിഞ്ഞു'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam