രാവിലെ 9 മുതല്‍‍ വൈകീട്ട് 4 വരെ 30 ശതമാനം ഇളവിൽ ചാർജ് ചെയ്യാം, കെഎസ്ഇബിയുടെ പുതിയ വാഹന ചാർജിങ് നിരക്ക്

Published : May 19, 2025, 07:53 PM IST
രാവിലെ 9 മുതല്‍‍ വൈകീട്ട് 4 വരെ 30 ശതമാനം ഇളവിൽ ചാർജ് ചെയ്യാം, കെഎസ്ഇബിയുടെ പുതിയ വാഹന ചാർജിങ് നിരക്ക്

Synopsis

കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ. പകൽ സമയത്തെ ചാർജിംഗിന് കുറഞ്ഞ നിരക്കും രാത്രി സമയത്തെ ചാർജിംഗിന് കൂടിയ നിരക്കുമാണ് പുതിയ പരിഷ്കാരം.

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍ വന്നു.  സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 05.12.2024-ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിരക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍‍ പ്രാബല്യത്തില്‍‍ വന്നത്. സൗരോര്‍ജ്ജം ലഭ്യമായ പകല്‍‍ സമയത്ത് വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്. 

രാവിലെ ഒമ്പതു മുതല്‍‍ വൈകീട്ട് നാലുവരെ സൗര മണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടൈം ഓഫ് ഡേ (ടിഒഡി) രീതിയിലാണ് നിരക്കുകള്‍‍. സൗര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍‍ജ്ജ് ചെയ്യാം. വൈകീട്ട് നാലു മുതല്‍‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം കൂടിയ നിരക്കായിരിക്കും ഈടാക്കുക. 

പകല്‍ സമയം സൌരോര്‍‍ജ്ജം കൂടി പ്രയോജനപ്പെടുത്താനാകുന്നതിന്റെ അനുകൂല്യം വാഹന ഉടമകള്‍‍ക്ക് ലഭ്യമാക്കാന്‍‍ റഗുലേറ്ററി കമ്മീഷന്‍‍ നിര്‍‍‍ദ്ദേശിച്ചിരുന്നു.  ചാര്‍ജ്ജിംഗിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്.  സൌര മണിക്കൂറില്‍‍‍‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൌരേതര മണിക്കൂറുകളില്‍ 9.30 രൂപയുമാകും (30 ശതമാനം കൂടുതല്‍) ഈടാക്കുക. ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍‍ദ്ദേശിച്ച സര്‍‍വീസ് ചാര്‍‍ജ്ജും 18 ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വരും. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍‍ക്ക് പകല്‍‍ സമയം ലാഭകരമാകുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. 

രാത്രിയില്‍‍ കൂടുതല്‍‍ വാഹനങ്ങള്‍‍ ചാര്‍‍ജ്ജ് ചെയ്താല്‍‍ സൌരോര്‍‍ജ്ജം പോലുള്ള ഹരിത സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനാകില്ല. ഇത് കാര്‍ബണ്‍‍ ബഹിര്‍‍ഗമനം വര്‍ദ്ധിപ്പിക്കും. ഇത് ഒഴിവാക്കിക്കൊണ്ട് ഹരിത ഗതാഗതം അതിന്റെ യഥാര്‍‍ത്ഥ ലക്ഷ്യം നേടുന്ന രീതിയില്‍ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. എസി ടൈപ്പ് ചാര്‍‍ജ്ജറില്‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ  8.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 14.23 + ജി.എസ്.ടി.(18%) രൂപയും, ഡി.സി. ചാര്‍‍ജ്ജറില്‍‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ 16.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 23.23 + ജി.എസ്.ടി.(18%) രൂപയും ആയിരിക്കും പുതിയ നിരക്കനുസരിച്ച് വരിക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!
നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി