കെഎസ്ആർടിസി: പ്രതിവർഷം ആയിരം ബസെന്ന പ്രഖ്യാപനം പാഴായി, 3 വർഷത്തിനിടെ 101 ബസ് മാത്രം

By Web TeamFirst Published Feb 5, 2020, 10:25 AM IST
Highlights

കഴിഞ്ഞ നിയസമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്ര പുനരുദ്ധാരണ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം 1000 ബസുകള്‍ പുതുതായി ഇറക്കുമെന്ന  പ്രഖ്യാപനം പാഴായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസ്സുകള്‍ മാത്രമാണ് നിരത്തിലിറക്കിയത്. കാലാവധി പൂര്‍ത്തിയാകുന്ന സൂപ്പര്‍ ക്ളാസ് ബസ്സുകള്‍ക്ക് പകരം ബസ്സുകള്‍ ഇറക്കാന്‍ കഴിയാത്തത്  കോർപ്പറേഷന് തിരിച്ചടിയാവുകയാണ്.

കഴിഞ്ഞ നിയസമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്ര പുനരുദ്ധാരണ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു. കിഫ്ബി വഴി പണം കണ്ടെത്തി, 1000 പുതിയ ബസ്സുകള്‍ പ്രതിവര്‍ഷം നിരത്തിലിറക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം. എന്നാൽ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറത്തിറക്കിയതാകട്ടെ, 101 പതിയ ബസ്സുകള്‍ മാത്രം. 

തലസ്ഥാന നഗരിയില്‍ ഒരു ഇലക്ട്രിക് ബസ്സ് പോലും ഇറങ്ങിയില്ല. തിരുവനന്തപുരം-എറണാകുളം റൂട്ടിലോടുന്ന 10 വാടക ഇലക്ട്രിക് ബസ്സുകള്‍ വലിയ ബാധ്യതയായതും തിരിച്ചടിയായി.

ഏഴ് വര്ഷം കാലാവധി പൂര്‍ത്തിയാക്കിയ മൂന്നുറോളം ബസ്സുകള്‍ ഈ ഏപ്രിലോടെ സൂപ്പര്‍ ക്ളാസ് സര്‍വ്വീസില്‍ നിന്ന് മാറ്റണം. പുതുതായി 400 ബസ്സുകള്‍ വാങ്ങാന്‍ ഡയറടകര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പക്ഷെ ഷാസി വാങ്ങിയാല്‍ ബോഡി നിര്‍മിക്കാന്‍ കെഎസ്ആർടിസിയുടെ വർക്‌ഷോപ്പുകളിൽ ആവശ്യത്തിന് ജോലിക്കാരില്ല. താത്കാലിക തൊഴിലാളികളെയെല്ലാം നേരത്തെ പിരിച്ചുവിട്ടതാണ് കാരണം.

ഇപ്പോൾ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ മാത്രമേ ബോഡി നിര്‍മിക്കാന്‍ അനുമതിയുള്ളു. പ്രതിദിന വരുമാനം ഒരു കോടിയെങ്കിലും ഉയര്‍ത്തിയാല്‍ മാത്രമേ വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കാന്‍ കഴിയുകയുള്ളുവെന്നാണ് മാനേജ്മെന്‍രിന്‍റെ വിലയിരുത്തല്‍. പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ വൈകുന്തോറും ഈ പ്രതിസന്ധി രൂക്ഷമായി തുടരും.

click me!