
തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം, അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അഖിലയ്‌ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ജനുവരി 11-ാം തീയതി അഖില നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞിരുന്നു.
നടപടി ഉത്തരവില്‍ പറഞ്ഞത് ഇങ്ങനെ: ''11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam