Latest Videos

ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരിച്ചടിയായി; കെഎസ്ആർടിസി ബോണ്ട് സർവ്വീസുകൾ പ്രതിസന്ധിയിൽ

By Web TeamFirst Published Nov 8, 2020, 12:25 PM IST
Highlights

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുവരുന്ന സമാന്തര വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്നാണ് ഉത്തരവ്. രണ്ടാഴ്ച മുമ്പ് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ബോണ്ട് സര്‍വ്വീസുകളുടെ വരുമാനം കുത്തനെ ഇടിച്ചു.

തിരുവനന്തപുരം: വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി നടപ്പാക്കിയ ബോണ്ട് സര്‍വ്വീസുകള്‍ കടുത്ത പ്രതിസന്ധിയില്‍. സമാന്തര  വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ് തിരിച്ചടിയായത്. വിവാദ ഉത്തരവ് പിന്‍വിക്കണമെമ്മാന്നാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയും രംഗത്തെത്തി.

കൊവിഡ് കാലത്ത് യാത്രക്കാര്‍ കയ്യൊഴിഞ്ഞതിനെതുടര്‍ന്ന്, വരുമാന വര്‍ദ്ധനവിന് കെഎസ്ആര്‍സി കണ്ടെത്തിയ പുതിയ ആശയമായിരുന്നു ബോണ്ട് സര്‍വ്വീസ്. സര്‍ക്കാര്‍ ഓഫീസുകളിലേക്കും ,സ്ഥാപനങ്ങളിലേക്കും സമീപ നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നും തുടങ്ങിയ പ്രത്യേക സര്‍വ്വീസിന് നല്ല പ്രതികരണമാണ് കിട്ടിയത്. തലസ്ഥാനത്താരംഭിച്ച സര്‍വ്വീസ് വിജയമായതിനെ തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 

എന്നാല്‍ ചീഫ് സെക്രട്ടറി രണ്ടാഴ്ച മുമ്പിറക്കിയ ഉത്തരവ് ബോണ്ട് സര്‍വ്വീസുകളുടെ വരുമാനം കുത്തനെ ഇടിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുവരുന്ന സമാന്തര വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്നാണ് ഉത്തരവ്. തിരുവനന്തപുരത്ത് മാത്രം പ്രതിദിനം 12 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ബോണ്ട് സര്‍വ്വീസുകള്‍ക്ക് ഉണ്ടായിരിക്കുന്നത്.

യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തുകയും സ്റ്റോപ്പുകള്‍ ബാധകമാക്കാതെ യാത്രക്കാരെ കയറ്റുകയും ചെയ്യുന്ന ജനത സര്‍വ്വീസുകളും പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രി ഈ സര്‍വ്വീസുകള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജനത സര്‍വ്വീസുകളുടെ കാര്യത്തിലും പുനപരിശോധന വേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിയുടെ വിലയിരുത്തല്‍.

click me!