കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Feb 8, 2021, 12:42 PM IST
Highlights

ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകിയതിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് ബസ് കണ്ടെത്തിയത്

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കാണാതായ ബസ് കണ്ടെത്തി. പാരിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബസ് കണ്ടെത്തിയത്. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകിയതിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് ബസ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.

റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസും. കെഎസ്ആർടിസി ബസായതിനാൽ അധിക ദൂരമൊന്നും പോകാനാവില്ലെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിന് പിന്നാലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാരിപ്പള്ളിയിൽ നിന്നും ബസ് കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിർത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരൻ എടുത്തുകൊണ്ടുപോവുകയായിരുന്നു. വിചിത്രമായ മോഷണം തന്നെയാണ് കൊട്ടാരക്കരയിലും സംഭവിച്ചിരിക്കുന്നത്. ആര്, എങ്ങിനെ, എന്തിന് ബസ് മോഷ്ടിച്ചുവെന്ന് കണ്ടെത്താൻ പൊലീസ് പരക്കം പായുകയാണ്.

click me!