
കോട്ടയം: കോട്ടയം വഴിയുളള കെഎസ്ആര്‍ടിസി യാത്രികരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ബസ് ടെര്‍മിനല്‍ നവീകരണം ഒടുവില്‍ യാഥാര്‍ഥ്യമായി. മധ്യ കേരളത്തിലെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരിച്ച ടെര്‍മിനല്‍ ആണ് ഇന്നലെ തുറന്നു കൊടുത്തത്. ഒരു കോടി എണ്‍പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ടെര്‍മിനല്‍ ഗതാഗത മന്ത്രി ആൻ്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.
കോട്ടയത്തെ ബസ് സ്റ്റാൻഡാണോ അതോ കെഎസ്ആർടിസിയാണോ ആദ്യമുണ്ടായതെന്ന് അറിയില്ല, പുരാവസ്തു വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ പഴയ ബസ് സ്റ്റാൻഡ് പൊളിക്കാൻ പോലും ഒരു പക്ഷേ സമ്മതിച്ചേക്കില്ല- കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് ഉദ്ഘാടന ചടങ്ങിൽ ഗതാഗതമന്ത്രി ആൻ്റണി രാജു പറഞ്ഞ ഈ വാക്കുകൾ.
എന്തായാലും പൊളിഞ്ഞു പഴകിയ ബസ് സ്റ്റാന്‍ഡിന്‍റെ സ്ഥാനത്താണ് പുത്തന്‍ ടൈലൊക്കെയിട്ട് പുതിയ ബസ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടാണോ അതല്ല എംഎല്‍എ ഫണ്ടാണോ പദ്ധതിക്ക് ചെലവഴിച്ചതെന്ന കാര്യത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് അണികള്‍ക്കിടയില്‍ സൈബര്‍ യുദ്ധങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന് ഉദ്ഘാടന വേദിയില്‍ മന്ത്രിമാരെ സാക്ഷിയാക്കി തിരുവഞ്ചൂര്‍ വ്യക്തത വരുത്തി. എംഎല്‍എ ഫണ്ട് കൊണ്ട് തന്നെയാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്.
ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് മുന്‍കൈയെടുത്ത എംഎല്‍എയെ വേദിയിലുണ്ടായിരുന്ന മന്ത്രിമാരും, മന്ത്രിമാരുടെ പിന്തുണയ്ക്ക് തിരുവഞ്ചൂരും പരസ്പരം അഭിനന്ദനങ്ങള്‍ ചൊരിഞ്ഞതോടെ അണികള്‍ നടത്തിയ സൈബര്‍ യുദ്ധവും ആവിയായി. പുതിയ ടെര്‍മിനലില്‍ ഇരിപ്പിടമില്ലെന്ന പരാതി ഉയര്‍ന്നെങ്കിലും സ്വകാര്യ സംഘടനയുടെ നേതൃത്വത്തില്‍ നാല്‍പ്പത് ഇരിപ്പിടങ്ങള്‍ ഉടന്‍ എത്തിക്കുമെന്ന ഉറപ്പും വേദിയില്‍ എംഎല്‍എ നല്‍കി. പഴയ കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കി തുടര്‍ വികസനമുണ്ടാകുമെന്ന് ഗതാഗത മന്ത്രിയും വേദിയില്‍ പ്രഖ്യാപനം നടത്തി. കെഎസ്ആർടിസി ഡിപ്പോയിലെ ഓഫീസം കെട്ടിടം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ കെട്ടിട്ടം പൊളിച്ചു മാറ്റി 32 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി ഇവിടെ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞു. എന്നാൽ ഈ പദ്ധതി എപ്പോൾ തുടങ്ങുമെന്ന് വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam